കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശവും പിന്നാലെയുണ്ടായ വിവാദങ്ങളും അടഞ്ഞ അധ്യായമാണെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. സമൂഹത്തിൽ വിഷയത്തെ കുറിച്ചുള്ള ചർച്ച അവസാനിച്ചതാണെന്നും അതിനാൽ ഒരു പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാർക്കോട്ടിക്‌സ് ജിഹാദ് പരാമർശത്തിൽ പാർട്ടിയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. വിഷയത്തിൽ അദ്ദേഹത്തെ നേരത്തെ നേരിട്ട് കണ്ട് നിലപാട് അറിയിച്ചതുമാണ്. ബിഷപ്പിന്റെ പുതിയ ലേഖനം വായിച്ചിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
അതേസമയം നർകോട്ടിക് ജിഹാദ് പരാമർശത്തിൽ ഉറച്ചു നിൽക്കുകയാണ് പാലാ ബിഷപ്പ്. ദീപിക പത്രത്തിലെഴുതിയ ലേഖനത്തിലൂടെയാണ് തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതായി ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കിയിരിക്കുന്നത്. മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ എത്തുമോയെന്ന് ആശങ്കയുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഗാന്ധി ജയന്തിയുടെ പശ്ചാത്തലത്തിലെഴുതിയ ലേഖനത്തിലാണ് ജോസഫ് കല്ലറങ്ങാട്ട് തന്റെ നിലപാട് അറിയിച്ചത്. മതേതരത്വം ഭാരതത്തിന് പ്രിയതരമാണെങ്കിലും കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കുമെന്ന് ലേഖനത്തിലൂടെ അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. തുറന്നു പറയേണ്ടപ്പോൾ നിശ്ശബ്ദനായിരിക്കരുതെന്നും തിന്മകൾക്കെതിരെ കൈകോർത്താൽ മതമൈത്രി തകരില്ലെന്നും പാലാ ബിഷപ്പ് ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

