തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിലെ വിജലൻസ് അന്വേഷണത്തിൽ മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ആരോപണങ്ങൾ വിജിലൻസ് അല്ല ഏത് അന്വേഷണ ഏജൻസി അന്വേഷിച്ചാലും ഒരു പ്രയാസവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിജിലൻസ് അന്വേഷിച്ച് അതിന്റെ വസ്തുനിഷ്ഠമായ കാര്യം ജനത്തിന്റെ മുന്നിൽ കൊണ്ടു വരേണ്ടത് തന്റെ കൂടെ ആവശ്യമാണെന്നും ഇത് അന്വേഷിച്ചിട്ടാണെങ്കിലും തന്റെ വ്യക്തിത്വം ജനങ്ങളുടെ മുന്നിൽ തെളിയിക്കാമല്ലോയെന്നും സുധാകരൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സുധാകരൻ രൂക്ഷ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടേയും പാർട്ടിയുടേയും ഉപദ്രവം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മുഖ്യമന്ത്രി എത്ര പൊതുയോഗത്തിൽ തന്നെ ജീവിക്കാൻ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു. ജീവിതത്തിൽ നിന്നും തുടച്ചു നീക്കാൻ ശ്രമിച്ച ഒരു രാഷ്ട്രീയ പാർട്ടി അത് നടക്കില്ലെന്നു കണ്ടപ്പോൾ കേസുകളിൽപ്പെടുത്തി രാഷ്ട്രീയപ്രവർത്തനത്തിന് തടസം നിൽക്കാൻ ശ്രമിക്കുകയാണെന്നാണ് സുധാകരൻ ആരോപിക്കുന്നത്. പക്ഷെ ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. തന്റെ ജീവിതത്തിൽ ഒരു കറുത്ത കുത്ത് ആർക്കും കണ്ടെത്താൻ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രശാന്ത് ബാബു എന്തും പറയും. പ്രശാന്ത് ബാബു അത്ര വലിയ സർവീസ് ചെയ്ത ആളൊന്നുമല്ല. കുറച്ചുനാൾ ഡ്രൈവറില്ലാതിരുന്ന സമയത്ത് താത്കാലികമായി ഡ്രൈവർ പണിയെടുത്തു എന്നതിലപ്പുറം അയാളിൽ നിന്ന് ഒരു സേവനവും പാർട്ടിക്ക് കിട്ടിയിട്ടില്ല. എന്നാൽ അദ്ദേഹത്തിന് ജീവിക്കാനുള്ള ജോലി അടക്കം കൊടുത്തവരാണ് തങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനു മുമ്പ് തെളിവ് ഹാജരാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടും പ്രശാന്ത് ബാബുവിന് തെളിവ് ഹാജരാക്കാൻ സാധിച്ചിരുന്നില്ല. അന്ന് കേസ് പിൻവലിച്ച് പൊയ്‌ക്കൊള്ളാനാണ് ഡി ജി പി പ്രശാന്ത് ബാബുവിനോട് പറഞ്ഞത്. കണ്ണൂർ ഡി സി സി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് സുധാകരൻ അഴിമതി നടത്തിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നുമാണ് സുധാകരന്റെ മുൻ ഡ്രൈവറായ പ്രശാന്ത് ബാബു ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് ബാബു വിജിലൻസിൽ പരാതി നൽകിയത്.

