ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് 10 ദിവസത്തെ ക്വാറന്റെയ്ൻ നിർബന്ധമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കൊവിഷീൽഡ് വാക്‌സിൻ തർക്കത്തിൽ ബ്രിട്ടന് മറുപടിയുമായി ഇന്ത്യ. ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് 10 ദിവസത്തെ ക്വാറന്റെയ്ൻ നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കൊവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസ് എടുത്താലും ഇന്ത്യക്കാർക്ക് ക്വാറന്റെയ്ൻ നിർബന്ധമാക്കിയ ബ്രിട്ടീഷ് സർക്കാരിന്റെ തീരുമാനത്തിന് തിരിച്ചടിയായാണ് ഇന്ത്യ ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് റിപ്പോർട്ട്.

തിങ്കളാഴ്ച മുതൽ രാജ്യത്ത് പുതിയ തീരുമാനം നടപ്പാവും. ബ്രിട്ടനിൽ രണ്ട് ഡോസ് വാക്‌സ്ൻ സ്വീകരിച്ചവരാണെങ്കിലും ഇന്ത്യയിലേക്ക് തിരിക്കും മുമ്പ് കോവിഡ് പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ആർടിപിസിആർ പരിശോധന നടത്തണമെന്നും പുതുതായി പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. കൊവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകിയെങ്കിലും ഇന്ത്യയിലെ വാക്‌സിൻ സർട്ടിഫിക്കറ്റ് വിശ്വാസ യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് ബ്രിട്ടൺ 10 ദിവസത്തെ ക്വാറന്റെയ്ൻ നിർബന്ധമാക്കിയത്.

കൊവിഷീൽഡ് വാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ യുകെയിലെ പുതിയ ചട്ടപ്രകാരം രണ്ട് ഡോസ് കൊവിഷീൽഡ് വാക്‌സിൻ എടുത്താലും 10 ദിവസത്തെ ക്വാറന്റെയ്ൻ നിർബന്ധമാണ്. യാത്രയ്ക്ക് മുമ്പ് ആർടിപിസിആർ പരിശോധനയും നടത്തണം. യുകെയിൽ ക്വാറന്റെയ്‌നിലായിരിക്കുമ്പോൾ രണ്ടാം ദിവസവും എട്ടാം ദിനവും പരിശോധന നടത്തണമെന്നാണ് നിർദ്ദേശം.