സിദ്ധുവിന് പിന്നാലെ കൂട്ടരാജി; പഞ്ചാബ് സർക്കാരിനെ പ്രതിസന്ധിയിലാക്കി രണ്ടു മന്ത്രിമാർ കൂടി രാജിവെച്ചു

ചണ്ഡീഗഢ്: പഞ്ചാബ് സർക്കാരിനെ പ്രതിസന്ധിയിലാക്കി രണ്ടു മന്ത്രിമാർ രാജിവെച്ചു. പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ച നവ്‌ജ്യോത് സിംഗ് സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ച് റസിയ സുൽത്താന, പർഗത് സിംഗ് എന്നിവരാണ് രാജിവച്ചത്. പഞ്ചാബ് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും യോഗീന്ദർ ദിൻഗ്രയും രാജിവച്ചിട്ടുണ്ട്.

വെറും 72 ദിവസം മാത്രം പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ പ്രവർത്തിച്ച ശേഷമാണ് സിദ്ധു രാജിവെച്ചത്. പഞ്ചാബിന്റെ ഭാവിക്കും ക്ഷേമത്തിനുമായുള്ള അജണ്ടയിൽ തനിക്ക് വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും അതിനാൽ താൻ അദ്ധ്യക്ഷ സ്ഥാനം രാജിവക്കുകയാണെന്നും വ്യക്തമാക്കിയാണ് സിദ്ദു സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചത്. ഒരു മനുഷ്യന്റെ സ്വഭാവത്തിന്റെ തകർച്ച ആരംഭിക്കുന്നത് അയാൾ വിട്ടുവീഴ്ച ചെയ്യാൻ തുടങ്ങുമ്പോഴാണെന്നും സിദ്ദു രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയിൽ റാണാ ഗുർജിത്ത് സിംഗിനെ ഉൾപ്പെടുത്തുന്നതിൽ സിദ്ദുവിന് എതിർപ്പുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ എതിർപ്പിനെ വകവയ്ക്കാതെ ഗുർജിത്ത് സിംഗിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നു. അതിനു ശേഷം എ.പി.എസ്. ദിയോലിനെ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കുന്നതിലും സിദ്ദു എതിർപ്പുയർത്തിയിരുന്നു. എന്നാൽ ഇത്തവണയും അദ്ദേഹത്തിന്റെ എതിർപ്പ് മന്ത്രിസഭ കാര്യമാക്കിയിരുന്നില്ല. പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവയ്ക്കുമ്പോൾ പാർട്ടിയുടെ ദേശീയ – സംസ്ഥാന നേതൃത്വങ്ങളെ ഒരുപോലെ പരിഹസിച്ചു കൊണ്ട് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് രംഗത്തെത്തിയിരുന്നു. സിദ്ദു നിലപാടുകളിൽ ഉറപ്പില്ലാത്ത മനുഷ്യനാണെന്നും ഇന്ത്യയുടെ അതിർത്തി സംസ്ഥാനമായ പഞ്ചാബിന് യോജിച്ച ആളല്ലെന്നും മുമ്പ് പറഞ്ഞതാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.