നിർഭാഗ്യകരം; കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നതിൽ പ്രതികരണവുമായി കാനം രാജേന്ദ്രൻ

തിരുവനന്തപുരം: കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നതിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കനയ്യ കുമാർ കോൺഗ്രസിൽ പോയത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടി വിട്ട് പോകില്ലെന്നായിരുന്നു കനയ്യ കുമാർ തന്നോട് നേരത്തെ പറഞ്ഞത്. ബിഹാർ ഘടകവുമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചതാണ്. എന്നിട്ടും പോകാനുള്ള കാരണം അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കനയ്യ പാർട്ടിയെ വഞ്ചിച്ചതായി അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കനയ്യ പാർട്ടിയെ വഞ്ചിച്ചെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പ്രതികരിച്ചു. പാർട്ടി എക്കാലവും കനയ്യക്കൊപ്പം നിന്നിട്ടുണ്ട്. കനയ്യ പാർട്ടിയിൽ നിന്ന് സ്വയം പുറത്തു പോവുകയായിരുന്നു. അദ്ദേഹത്തെ പാർട്ടി പദവികളിൽ നിന്ന പുറത്താക്കിയെന്നും ഡി രാജ വിശദമാക്കി.

ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കോൺഗ്രസിൽ ചേർന്നത്. ഇന്ന് എഐസിസി ആസ്ഥാനത്ത് എത്തിയാണ് ഇരുവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.

ജെഎൻയുവിലെ വിദ്യാർത്ഥി യൂണിയനിലൂടെ ഉയർന്നുവന്ന വ്യക്തിയാണ് കനയ്യ കുമാർ. നിരവധി സമരങ്ങളിലൂടെ ജനശ്രദ്ധ നേടാൻ കനയ്യ കുമാറിന് കഴിഞ്ഞിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ബെഗുസരായിൽ മത്സരിച്ച കനയ്യ സിപിഐ ബിഹാർ ഘടകവുമായി കലഹത്തിലായിരുന്നു. ആസാദി മുദ്രാവാക്യത്തിലൂടെ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധ നേടി. തെരഞ്ഞെടുപ്പിലെ ഓൺലൈൻ ക്രൗഡ് ഫണ്ടിംങ്, പാറ്റ്‌ന ഓഫീസ് സെക്രട്ടറിയെ മർദ്ദിച്ച സംഭവം, ബിഹാറിലെ ഇപ്പോഴത്തെ നേതൃത്വത്തെ മാറ്റണം എന്നി ആവശ്യങ്ങളാണ് കനയ്യ ഉന്നയിച്ചിരുന്നത്. എന്നാൽ ഈ ആവശ്യങ്ങൾ പാർട്ടി അംഗീകരിച്ചില്ല.