കൊച്ചി: വ്യാജ പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ കൂടുതല്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്ത്. മോന്‍സണിന്റെ സാമ്പത്തിക ഇടപാടുകളില്‍ അടക്കം ദുരൂഹതയെന്നായിരുന്നു റിപ്പോര്‍ട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വ്യാജ കോടതി ഉത്തരവ് ഉള്‍പ്പെടെ തയ്യാറാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
ഫെമ കേസുകള്‍ കൈകാര്യം ചെയ്യുന്ന ട്രൈബ്യൂണല്‍ ഉത്തരവ് മോന്‍സണ്‍ വ്യാജമായി ഉണ്ടാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇതിന് പുറമെ വ്യാജ ബാങ്ക് രേഖകളും ഇയാള്‍ തയ്യാറാക്കിയിരുന്നു. ഇടപാടുകാരെ വിശ്വസിപ്പിക്കാനാണ് 26,200 കോടി അക്കൗണ്ടിലുണ്ടെന്ന വ്യാജ ബാങ്ക് രേഖയാണ് മോന്‍സണ്‍ ഉപയോഗിച്ചിരുന്നത് എന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.
ഇതിനുപുറമേ, വന്‍ തോതില്‍ ഭൂമി വാങ്ങാന്‍ അവസരം ഒരുക്കാമെന്ന് വിശ്വസിപ്പിച്ചും മോന്‍സണ്‍ തട്ടിപ്പ് നടത്തിയിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. വയനാട്ടില്‍ മധ്യപ്രദേശ് സര്‍ക്കാരിന് 500 ഏക്കര്‍ കാപ്പിത്തോട്ടമുണ്ടെന്നും ഇത് ലീസിന് വാങ്ങി നല്‍കാമെന്നും വിശ്വസിപ്പിച്ച് പത്തനംതിട്ട സ്വദേശി രാജീവില്‍നിന്ന് 1.62 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഈ കേസില്‍ തിങ്കളാഴ്ച കാക്കനാടുള്ള ജയിലിലെത്തി മോന്‍സന്റെ അറസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടും രേഖപ്പെടുത്തി.
പന്തളം ശ്രീവത്സം ഗ്രൂപ്പ് ഉടമയും മോന്‍സനെതിരെ പരാതിയുമായി രംഗത്തെത്തി. 6.27 കോടി രൂപ ഇയാള്‍ തട്ടിച്ചെന്നാണ് പരാതി. ബാങ്കില്‍ പണം എത്തിയതിന്റെ രേഖകള്‍ കാണിച്ചാണ് തുക തട്ടിച്ചത്. യുഎഇ രാജകുടുംബത്തിന് പുരാവസ്തു വിറ്റവകയില്‍ ലഭിച്ച പണമാണെന്നാണ് വിശ്വസിപ്പിച്ചത്. ഇതിനിടെ പുരാവസ്തു വില്‍പനയില്‍ അടക്കം പ്രവര്‍ത്തിക്കാന്‍ മോന്‍സണ് ലൈസന്‍സ് ഉണ്ടായിരുന്നോ എന്നുള്‍പ്പെടെയുള്ള സംശയമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

