തിരുവനന്തപുരം: പുരാവസ്തു വില്‍പ്പനക്കാരന്‍ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പ്രമുഖര്‍, പൊലീസ് ഉന്നതര്‍ അടക്കമുള്ളവരുമായി മോന്‍സണ്‍ മറ്റു ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ തുടങ്ങി നിരവധി പേരുമായി ഇദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ഉന്നതരുമായി ബന്ധം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ച് പുരാവസ്തുശേഖരം എന്ന് അവകാശപ്പെടുന്ന വസ്തുക്കള്‍ കാണിച്ച് ഞെട്ടിക്കുക, അവരുടെ ഫോട്ടോകളെടുത്ത് പിന്നീട് തട്ടിപ്പിന് ഉപയോഗിക്കുക എന്നതായിരുന്നു രീതി. ഉന്നത ബന്ധങ്ങളുണ്ടെന്ന് അവകാശപ്പെടുന്നതിനാണ് ഈ ഫോട്ടോകള്‍ ഉപയോഗിച്ചത്. പുരാവസ്തുക്കളായി മോശയുടെ വടി, യേശുവിനെ ഒറ്റിക്കൊടുത്ത 30 വെള്ളിക്കാശില്‍ 2 എണ്ണം, രാജ സിംഹാസനം, രാജാക്കന്മാരുടെ വാളുകള്‍, മോതിരങ്ങള്‍ തുടങ്ങി നിരവധി പുരാവസ്തുക്കള്‍ തന്റെ ശേഖരത്തില്‍ ഉണ്ട് എന്നായിരുന്നു ഇയാള്‍ മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.
മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു ശേഖരത്തിലിരിക്കുന്ന സിംഹാസനത്തില്‍ ഇരിക്കുന്ന ലോക്‌നാഥ് ബെഹ്‌റ, തൊട്ടടുത്ത് വാളുമായി നില്‍ക്കുന്ന എഡിജിപി മനോജ് എബ്രഹാം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടേയും ചിത്രങ്ങളും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് മോന്‍സണ്‍ന്റെ മറ്റു രാഷ്ട്രീയ ബന്ധങ്ങളും ഉദ്യോഗസ്ഥരുമായുള്ള ബന്ധങ്ങളും ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കെ സുധാകരനുമായി മോന്‍സണ് അടുത്ത ബന്ധമുണ്ടെന്നും സുധാകരനെ ചുകിത്സിച്ചത് മോന്‍സണായിരുന്നു എന്നായിരുന്നു പരാതിക്കാരനായ ഷെമീര്‍ പറയുന്നത്.
സ്വന്തം പ്രചാരണത്തിന് വേണ്ടി മന്ത്രിമാരുടെ ചിത്രങ്ങളും മോന്‍സണ്‍ ഉപയോഗിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍, അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവരുമായുള്ള ചിത്രങ്ങള്‍ ഇയാള്‍ ഉപയോഗിച്ചുവെന്നും റോഷി അഗസ്റ്റിന് പണം നല്‍കിയാല്‍ ഇടുക്കിയിലുള്ള റോഡ് കരാര്‍ നല്‍കുമെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പരാതിക്കാരന്‍ ഷെമീര്‍ പറയുന്നു. നിരവധി നേതാക്കള്‍ മോന്‍സണ്‍ ജോണ്‍സിന്റെ വീട്ടില്‍ നിത്യ സന്ദര്‍ശകരായിരുന്നു. കെ സുധാകരന്‍, ഹൈബി ഈഡന്‍, ലാലി വിന്‍സന്റ്, മോന്‍സ് ജോസഫ് തുടങ്ങിയ നിരവധി പേരും ഉദ്യോഗസ്ഥരായിട്ടുള്ള ജിജി തോംസണ്‍, ഡിഐജി സുരേന്ദ്രന്‍, എസിപി ലാല്‍ ജി, പോലീസ് ഉദ്യോസ്ഥര്‍ തുടങ്ങി നിരവധി പേരുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. പ്രമുഖരായ നടി നടന്മാരുടെ കൂടെ ഇയാള്‍ നില്‍ക്കുന്ന ചിത്രങ്ങളും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.
ഉയര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരുടേയും സാന്നിധ്യത്തിലാണ് മോന്‍സണ്‍ ഇക്കാര്യങ്ങളൊക്കെ പറയുന്നത്. അതുകൊണ്ട് തന്നെ ഇയാളുടെ വാക്കുകളില്‍ വിശ്വാസത്തിലെടുത്തുവെന്ന് പരാതിക്കാരന്‍ പറയുന്നു. സമ്പന്നനാണെന്ന് കാണിക്കാന്‍ വേണ്ടി കോടികള്‍ വിലമതിക്കുന്ന കാറുകളായിരുന്നു ഇയാള്‍ ഉപയോഗിച്ചിരുന്നത്. ആര്‍ക്കും ഒരു സംശയം തോന്നാത്ത രീതിയിലായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും തന്റെ കൂടെ ഉണ്ട് എന്ന് വിശ്വസിപ്പിച്ചു കൊണ്ടായിരുന്നു പണം കൈകക്കലാക്കാന്‍ ശ്രമിച്ചിരുന്നത്. മാത്രമല്ല, രാഷ്ട്രീയ പോലീസ് ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ചു കൊണ്ടാണ് ഇയാള്‍ ഇത്രയും കാലം പിടിക്കപ്പെടാതെ തട്ടിപ്പ് നടത്തിയത്.

