ഒരു ഫ്രോഡിനെ പോലും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലല്ലോ; ബെഹ്‌റയ്‌ക്കെതിരെ വിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോണ്‍സണ്‍ മാവുങ്കലിന്റെ സന്ദര്‍ശകരായ നിരവധി പ്രമുഖരുടെ നീണ്ട പട്ടികയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, ഡി.ഐ.ജി സുരേന്ദ്രന്‍, മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ, മനോജ് എബ്രഹാം, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, നടന്‍ മോഹന്‍ലാല്‍, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റ് എന്നിവരോടൊപ്പമെല്ലാം മോണ്‍സണ്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇവരുമായെല്ലാമുള്ള ബന്ധങ്ങളും ഈ ചിത്രങ്ങളും മോണ്‍സണ്‍ തട്ടിപ്പിന് ഉപയോഗപ്പെടുത്തിയെന്നാണ് സൂചന. പരാതിക്കാരില്‍ ചിലര്‍ അത് ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ, മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവന്‍. ഒരു ഫ്രോഡിനെ തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത ആളാണല്ലോ പൊലീസിന്റെ തലപ്പത്ത് ഇരുന്ന് മലയാളിയുടെ കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച നയങ്ങള്‍ തീരുമാനിച്ചതെന്നാണ് ഹരീഷിന്റെ പരിഹാസം.

കുറിപ്പിന്റെ പൂര്‍ണരൂപം;

ഡ്യൂപ്ലിക്കേറ്റ് അംശവടിയും ടിപ്പുവിന്റെ സിംഹാസനവും അത് വില്‍ക്കാന്‍ നോക്കുന്ന ഒരു ഫ്രോഡിനെയും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത ആ ഇരിക്കുന്ന ലങ്ങേരാണല്ലോ ഒന്നൊന്നര വര്‍ഷം പൊലീസിന്റെ തലപ്പത്ത് ഇരുന്ന് മലയാളിയുടെ കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച നയങ്ങള്‍ തീരുമാനിച്ചത് എന്നോര്‍ക്കുമ്പോ, Sreejan Balakrishna പറഞ്ഞത് പോലെ, അയ്യേ….

ഈ പൊങ്ങന്‍ ഇനി കൊച്ചിമെട്രോ ഭരിക്കുന്നത് കാണാന്‍ കാത്തിരിക്കൂ.. വാള്‍ പിടിച്ചയാളുടെ രഹസ്യ അന്വേഷണമാവണം ചിലപ്പോ ഇപ്പോഴെങ്കിലും….