മോന്‍സണെ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്; ആരോപണങ്ങള്‍ക്ക് പിന്നിലെ കറുത്ത ശക്തി മുഖ്യമന്ത്രിയാണെന്ന് സുധാകരന്‍

കണ്ണൂര്‍: തട്ടിപ്പു കേസില്‍ പ്രതിയായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആരോപണങ്ങള്‍ക്ക് പിന്നിലെ കറുത്ത ശക്തി മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്ന് ശങ്കിച്ചാല്‍ കുറ്റപറയാന്‍ പറ്റുമോ എന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

‘മോന്‍സണുമായി ബന്ധമുണ്ട്. അഞ്ചോ ആറോ തവണ വീട്ടില്‍ പോയിട്ടുണ്ട്, കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് പുരാവസ്തുക്കള്‍ കണ്ടത്. ഒരു വലിയ ശേഖരം അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. കോടികള്‍ വിലയുള്ളത് എന്നാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. അദ്ദേഹത്തെ കാണാന്‍ പോയി എന്നതിനപ്പുറം ഈ പറയുന്ന കക്ഷികളുമായി യാതൊരു ബന്ധവുമില്ല’ കെ സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മൂന്ന് നാല് തവണ പരാതിക്കാരനായ പയ്യനെ വിളിച്ചുവെന്നത് അവന്‍ പറഞ്ഞിട്ടുണ്ട്. എന്തിനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിക്കുന്നത്, മുഖ്യമന്ത്രിയുടെ സെക്രട്ടറി വിളിച്ചു എന്നാണ് പരാതിക്കാരന്‍ പറയുന്നത്. അത് ശരിയാണെങ്കില്‍ അതിന് പിന്നില്‍ ഒരു ഗൂഢാലോചനയുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

കഥക്ക് പിന്നില്‍ പരാതിക്കാരന്റെ ബുദ്ധിയല്ല. ബുദ്ധിക്ക് പിറകിലുള്ള ഒരു കറുത്ത ശക്തി വേട്ടയാടിക്കൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഇതിന് പിന്നിലെ കറുത്ത ശക്തി മുഖ്യമന്ത്രുയും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്ന് ശങ്കിച്ചാല്‍ കുറ്റംപറയാന്‍ പറ്റുമോയെന്നും കെ സുധാകരന്‍ ചോദിച്ചു.

2018ലാണ് സംഭവമെങ്കില്‍ വേറെ ഏതോ സുധാകരന്‍ എംപിയാണെന്നാണ് തോന്നുന്നത്. 2018ല്‍ ഞാന്‍ എംപിയല്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. പാലമെന്റ് ഏത് കമ്മറ്റിയിലാണ് ഞാന്‍ അംഗമായിരുന്നത്, ഫിനാന്‍സ് കമ്മറ്റി എന്നാണ് പറയുന്നത്. ഏത് ഫിനാന്‍സ് കമ്മറ്റി, ഞാന്‍ ജീവിതത്തില്‍ ഇതുവരെ ഒരു കമ്മിറ്റിയില്‍ അംഗമായി ഇരുന്നിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.