കോഴിക്കോട്: കൊവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അടുത്തമാസം 20നകം സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കാന്‍ വാഹനസൗകര്യം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സ്‌കൂള്‍ ബസ് ഇല്ലാത്ത വിദ്യാലയങ്ങളുടെ കണക്കെടുക്കുമെന്നും വാഹനമൊരുക്കാന്‍ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
‘കുട്ടികളെ എത്തിക്കാന്‍ കെ എസ് ആര്‍ ടി സിയുടെ സേവനവും തേടും. സ്‌കൂളുകള്‍ക്ക് മാത്രമായുള്ള കെ എസ് ആര്‍ ടി സി ബസ് സര്‍വീസും പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട ചൊവ്വാഴ്ച ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തും. സ്‌കൂള്‍ തുറപ്പുമായി ബന്ധപ്പെട്ട സ്‌കൂള്‍ തല യോഗങ്ങളില്‍ നാട്ടുകാരും, രാഷ്ട്രീയ പാര്‍ട്ടികളും യുവാക്കളും ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. ചില സ്‌കൂളുകളില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്താന്‍ പിടിഎയ്ക്ക് ഫണ്ട് കുറവായിരിക്കും.
അത്തരം സ്‌കൂളുകളെ സഹായിക്കാന്‍ പൊതുജനങ്ങള്‍ മുന്നോട്ടുവരണം.എം എല്‍ എ മാരുടെയും എം പിമാരുടെയും മറ്റ് ജനപ്രനിധികളുടെയും സഹായങ്ങള്‍ ഉണ്ടാവണം.അത്തരം ഇടപെടലുകളിലൂടെ വാഹന പ്രശ്‌നത്തിന് പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷ. രക്ഷിതാക്കള്‍ വാക്‌സിന്‍ എടുക്കാത്ത വീടുകളില്‍ നിന്നും കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കേണ്ട. സ്‌കൂള്‍ തുറന്നാലും വിക്ടേഴ്‌സ് ചാനലിലെ ക്‌ളാസുകള്‍ സമാന്തരമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് അദ്ധ്യാപക സംഘടനകളുമായി ചര്‍ച്ച നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.
ഇന്നലെ സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി അദ്ധ്യാപക രക്ഷാകര്‍ത്തൃ സമിതി, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസ വകുപ്പ്, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് സൂക്ഷ്മമായ ആസൂത്രണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ രണ്ട് വര്‍ഷമായി കട്ടപ്പുറത്തുളള വാഹനങ്ങളെല്ലാം തന്നെ വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത നിലയിലാണ്. ടാക്‌സ് അടക്കാനും ഫിറ്റ്‌നസ് എടുക്കാനും വന്‍ തുക കണ്ടെത്തേണ്ടിയും വരും.
എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ടോ ജില്ല പഞ്ചായത്ത് ഫണ്ടോ ഉപയോഗിച്ചാണ് മിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലും വണ്ടി വാങ്ങുന്നത്. കൊവിഡ് കാലത്ത് സ്‌കൂള്‍ അടഞ്ഞ് കിടന്നതിനാല്‍ പിടിഎ ക്ക് പണം കണ്ടെത്താന്‍ കഴിയാതായതോടെ ഭീമമായ ചെലവ് എങ്ങനെ കണ്ടെത്തുമെന്നതാണ് പ്രധാന ചോദ്യം. ഒരു സീറ്റില്‍ ഒരു വിദ്യാര്‍ത്ഥിയെ മാത്രമേ ഇരിക്കാന്‍ അനുവദിക്കു എന്ന നിര്‍ദ്ദേശം എത്ര മാത്രം പ്രായോഗികമെന്നതിലും സംശയമുണ്ട്.
എയിഡഡ് വിദ്യാലയങ്ങളിലാകട്ടെ സ്‌കൂള്‍ ബസുകളുടെ ചെലവിന്റെ ഒരു ഭാഗം മാനേജ്‌മെന്റുകളാണ് വഹിക്കുന്നത്. എങ്കിലും രണ്ടിലേറെ വാഹനങ്ങളുള്ള സ്‌കൂളുകളാണെങ്കില്‍ ചെലവ് ഇരട്ടിയാകും. ഇന്‍ഷുറന്‍സ്, ടാക്‌സ്, ഫിറ്റ്‌നസ് ഫീസ് എന്നിവ ഒഴിവാക്കി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഈ മേഖലയില്‍ നിന്നുയരുന്ന ആവശ്യം.

