കോവിഡിന് ആയുർവേദ ചികിത്സയുടെ പഠന റിപ്പോർട്ടിന് അന്താരാഷ്ട്ര ജേണലിന്റെ അംഗീകാരം

തൃശൂർ: കോവിഡിന് ആയുർവേദ ചികിത്സയുടെ പഠന റിപ്പോർട്ടിന് അന്താരാഷ്ട്ര ജേണലിന്റെ അംഗീകാരം. സംസ്ഥാനത്ത് ക്വാറന്റൈനിലിരുന്നവർക്ക് ആയുർവേദ മരുന്ന് കഴിച്ച ശേഷം ലഭിച്ച ഫലസിദ്ധി സംബന്ധിച്ച പഠനറിപ്പോർട്ടിനാണ് അന്താരാഷ്ട്ര അംഗീകാരം നൽകിയിരിക്കുന്നത്. പഠനത്തിന്റെ സംഗ്രഹം ‘ഫ്രന്റിയേഴ്സ് ഇൻ പബ്ലിക് ഹെൽത്ത്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. വിശദ വിലയിരുത്തലുകൾക്ക് ശേഷമുള്ള റിപ്പോർട്ട് ഉടനെ പുറത്തിറക്കും.

പൊതുജനാരോഗ്യ മേഖലയിലെ അടിയന്തര സാഹചര്യങ്ങളിൽ സംയോജിത ആരോഗ്യ സംവിധാനം കൂടുതൽ പ്രായോഗികമാകുമെന്നാണ് ജേണലിലെ പ്രാഥമിക നിഗമനം.അടിസ്ഥാന സൗകര്യം കുറഞ്ഞാലും സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുമ്പോൾ ആയുർവേദം വിപുലമായി സ്വീകരിക്കപ്പെടുമെന്നും പഠനത്തിൽ പറയുന്നുണ്ട്.

മതിയായ മാനവ വിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളുമുള്ള പൊതുജനാരോഗ്യസംവിധാനം കേരളത്തിലുണ്ടെന്നും ഇത് ഫലപ്രദമായി ഉപയോഗിച്ചുവെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ജൂൺ 29 നാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ മാസം 20 നാണ് അംഗീകരിച്ചത്.

സംസ്ഥാനത്ത് നാലര ലക്ഷത്തിലേറെ കോവിഡ് ബാധിതരാണ് ആയുർവേദ മരുന്ന് കഴിച്ചത്. കഴിഞ്ഞ വർഷം ജനുവരി 30 ന് തൃശൂരിൽ സ്ഥിരീകരിച്ചെങ്കിലും രോഗികളിൽ ആയുർവേദ ചികിത്സ തുടങ്ങിയത് നവംബറിലാണ്.