തീവ്രവാദസ്വഭാവമുള്ള ചര്‍ച്ചകളും സജീവം; ക്ലബ്ഹൗസിനുമേല്‍ പിടിമുറുക്കി കേന്ദ്ര ഏജന്‍സികളും

club house

തിരുവനന്തപുരം: ക്ലബ്ഹൗസിനുമേല്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്ര ഏജന്‍സികളും. തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകളുടെ സ്വാധീനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസിനു പിന്നാലെ കേന്ദ്ര ഏജന്‍സികളും നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. ഇന്റലിജന്‍സ് ബ്യൂറോ, എന്‍.ഐ.എ., മിലിറ്ററി ഇന്റലിജന്‍സ് എന്നിവയാണ് നിരീക്ഷണം ഇപ്പോള്‍ ശക്തമാക്കിയിരിക്കുന്നത്.

ക്ലബ്ബ് ഹൗസില്‍ ക്ലോസ്ഡ് റൂമുകളുണ്ടാക്കി കഴിഞ്ഞ 10 ദിവസമായി തീവ്രവാദസ്വഭാവമുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി ഒരു ഏജന്‍സിക്ക് വിവരം കിട്ടിയിട്ടുണ്ട്. ഈ ഏജന്‍സിയുടെ നിരന്തരനിരീക്ഷണത്തിലുള്ള ഒരു സംഘടനയുടെ നേതൃത്വത്തിലാണ് സ്ത്രീകളെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ തീരദേശത്തുള്ള ചില നേതാക്കളുടെ നേതൃത്വത്തിലാണിത്. ഇത്തരത്തില്‍ ഒരു ചര്‍ച്ച ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന വിവരം കഴിഞ്ഞയാഴ്ച മിലിറ്ററി ഇന്റലിജന്‍സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കേരളത്തില്‍ നടക്കുന്ന ക്ലോസ്ഡ് റൂം ചര്‍ച്ചകളില്‍ പങ്കെടുത്തതായി വിവരം കിട്ടിയവരെ നിരന്തരമായി ഏജന്‍സികള്‍ പിന്തുടരുന്നുമുണ്ട്. ലൈംഗിക അതിപ്രസരമുള്ള ഗ്രൂപ്പുകള്‍ വര്‍ധിക്കുന്നതായി നേരത്തെ ക്ലബ് ഹൗസിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ തീവ്രവാദ ബന്ധവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.