തിരുവനന്തപുരം: കട്ടപ്പുറത്തായ കെഎസ്ആര്‍ടിസി ബസുകള്‍ മീന്‍വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്നത് പരിഗണനയിലാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മീന്‍ വില്‍ക്കുന്ന സ്ത്രീകള്‍ അടുത്തകാലത്ത് നേരിട്ട ചില ദുരനുഭവങ്ങള്‍ കണക്കിലെടുത്താണ് ഫിഷറീസ് വകുപ്പുമായി സഹകരിച്ച് മീന്‍ വില്‍പനയ്ക്ക് കെഎസ്ആര്‍ടിസി ബസുകള്‍ പരിഗണിക്കുന്നത്. ഡിപ്പോകളിലായിരിക്കും മീന്‍വില്‍പനയ്ക്ക് സൗകര്യമൊരുക്കുക. മാലിന്യനീക്കത്തിനായി കെഎസ്ആര്‍ടിസി ബസുകള്‍ ഉപയോഗിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് പുതിയ നീക്കം.
അതേസമയം, മാലിന്യനീക്കത്തിനായി കെഎസ്ആര്‍ടിസി ബസുകള്‍ ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ യൂണിയനുകള്‍ പരാതി അറിയിച്ചിട്ടില്ലെന്നും, തദ്ദേശവകുപ്പ് നിലപാട് അറിയിച്ചാല്‍ പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ജീവനക്കാരില്‍ തെറ്റിദ്ധാരണയുണ്ടെങ്കില്‍ നീക്കുമെന്നും, സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ ജീവനക്കാരും യൂണിയനുകളും ബാധ്യസ്ഥരാണെന്നും ആന്റണി രാജു അറിയിച്ചു. ഡ്രൈവര്‍മാര്‍ മാലിന്യം നീക്കേണ്ടതില്ലെന്നും വാഹനം ഓടിച്ചാല്‍ മാത്രം മതിയാകുമെന്നും മന്ത്രി പറഞ്ഞു.

