ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് പകര്‍ച്ചവ്യാധിയായി മാറുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ സുജീത് സിങ്ങ്. കോവിഡ് സമൂഹത്തില്‍ തുടരാമെങ്കിലും ഫ്‌ളൂ പോലെ നിയന്ത്രണവിധേയമായ സംഗതിയായി ഇത് മാറുമെന്ന് സുജീത് സിങ്ങ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
മഹാമാരിയെന്ന നിലയില്‍ നിന്നും പ്രാദേശികമായി പടരുന്ന ഒരു പകര്‍ച്ചവ്യാധിയായി അടുത്ത ആറു മാസങ്ങളില്‍ ഇന്ത്യയില്‍ കോവിഡ് മാറാമെന്നാണ് സുജീത് സിങ്ങ് പറയുന്നത്. കോവിഡിന്റെ മൂന്നാം തരംഗം വകഭേദങ്ങളോടെ എത്തില്ലെന്നും അദ്ദേഹം അറിയിച്ചു. വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ വാക്‌സിനേഷന്‍ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ എന്നും സുജീത് ചൂണ്ടിക്കാട്ടി.
മാത്രമല്ല, ഇന്ത്യയില്‍ 75 കോടിയോളം പേര്‍ക്ക് ഇതു വരെയും വാക്‌സീന്‍ ലഭിച്ചു. വാക്‌സീന്‍ ഫലപ്രാപ്തി 70 ശതമാനം കണക്കാക്കിയാല്‍ പോലും നിലവില്‍ 50 കോടി പേര്‍ക്കെങ്കിലും വൈറസിനെതിരെ പ്രതിരോധശേഷി ആര്‍ജ്ജിക്കാനായിട്ടുണ്ട്. വാക്‌സീന്റെ ഒരു ഡോസ് 30-31 ശതമാനം പ്രതിരോധം നല്‍കുന്നതായി കണക്കാക്കുന്നു. അതായത് ഒരു ഡോസ് എങ്കിലും ലഭിച്ച ഇന്ത്യയിലെ 30 കോടി ജനങ്ങളും പ്രതിരോധശേഷിയുള്ളവരാണെന്നും സുജീത് സിങ്ങ് പറഞ്ഞു.

