കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ വിവാദ ഉള്ളടക്കം അടങ്ങിയ പാഠഭാഗം പഠിപ്പിക്കില്ല. വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. സിലബസിൽ മാറ്റം വരുത്തി നാലാം സെമസ്റ്ററിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സിലബസിൽ പോരായ്മ ഉണ്ടെന്നാണ് വിദഗ്ധ സമിതി കണ്ടെത്തിയത്. സിലബസിൽ എന്തൊക്കെ മാറ്റം വരുത്തണമെന്നത് 29 ന് ചേരുന്ന അക്കാദമിക് സമിതി വിലയിരുത്തും. ആദ്യം സിലബസിൽ ഉണ്ടായിരുന്നത് കണ്ടെംപററി പൊളിറ്റിക്കൽ തിയറി ആയിരുന്നു. ഇതിൽ മാറ്റം വരുത്തി നാലാം സെമസ്റ്ററിൽ പഠിപ്പിക്കുമെന്നും ഈ സെമസ്റ്ററിൽ പഠിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ സർവകലാശാലയുടെ എം.എ. ഗവേണൻസ് ആൻഡ് പൊളിറ്റിക്‌സ് മൂന്നാംസെമസ്റ്റർ പാഠ്യപദ്ധതിയിലെ ഉള്ളടക്കമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എന്ന പേപ്പറിന്റെ രണ്ടാം യൂണിറ്റിൽ ഹിന്ദുത്വ ആശയങ്ങളെക്കുറിച്ചുള്ള ഭാഗത്ത് വി.ഡി.സവർക്കർ, ഗോൾവാൾക്കർ, ദീൻദയാൽ ഉപാധ്യായ, ബൽരാജ് മഥോക്ക് എന്നിവരുടെ പുസ്തകങ്ങളിലെ ഭാഗം ഉൾപ്പെടുത്തിയിരുന്നു. ഈ പാഠഭാഗങ്ങളാണ് വിവാദം ഉയർത്തിയത്. പാഠഭാഗങ്ങൾ സിലബബസിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേങ്ങളാണ് ഉയർന്നത്. സർവകലാശാല കാവിവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയതെന്നായിരുന്നു ആരോപണങ്ങൾ.
എന്നാൽ കാവിവത്കരണം എന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്നാണ് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നത്. സവർക്കറുടെയും മറ്റും തത്ത്വങ്ങൾ കേരളത്തിലെ മറ്റു സർവകലാശാലകളിൽ ദീർഘകാലമായി പാഠ്യപദ്ധതിയുടെ ഭാഗമാണെന്ന് സമിതി വിലയിരുത്തി. കേരള സർവകലാശാല മുൻ പ്രൊ വൈസ്ചാൻസലറും പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയുമായിരുന്ന ഡോ. ജെ.പ്രഭാഷ്, കാലിക്കറ്റ് സർവകലാശാലയിലെ പൊളിറ്റിക്‌സ് വിഭാഗം മുൻ പ്രൊഫസർ ഡോ. കെ.എസ്.പവിത്രൻ എന്നിവർ വിദഗ്ധ അംഗങ്ങളും കണ്ണൂർ സർവകലാശാല പി.വി.സി. ഡോ. എ.സാബു കൺവീനറുമായ സമിതിയാണ് പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചത്.
ഗവേണൻസ് ആൻഡ് പൊളിറ്റിക്‌സ് എന്ന പുതിയ കോഴ്സ് ഏർപ്പെടുത്തിയപ്പോൾ പാഠ്യപദ്ധതിയിൽ ഗവേണൻസ് വിഭാഗത്തിനു പ്രാധാന്യം നൽകിയില്ലെന്നും വിദഗ്ധസമിതി അറിയിച്ചു. ഇതുകാരണം പാഠ്യപദ്ധതി അപക്വമായി. തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്‌സ് വിഭാഗത്തിൽ ഹിന്ദുത്വ ആശയങ്ങൾക്കൊപ്പം മറ്റ് ആശയങ്ങൾക്കും പ്രാമുഖ്യം ലഭിച്ചില്ലെന്ന ആക്ഷേപത്തിൽ കഴമ്പുണ്ട്. പുതുതലമുറ കോഴ്സ് തുടങ്ങുമ്പോൾ ചർച്ചയിലൂടെ പാഠ്യപദ്ധതി രൂപപ്പെടുത്തുകയും പരിശോധിക്കുകയും ചെയ്യേണ്ടതായിരുന്നുവെന്നും സിലബസ് പുതുക്കുമ്പോൾ ഇതിൽ ആവശ്യമായ മാറ്റം വരുത്തണമെന്നും സമിതി ചൂണ്ടിക്കാട്ടി.

