കേരളവർമ്മ കോളജിലെ ചൈനയെ മഹത്വവത്കരിക്കുന്ന പ്രഭാഷണ പരമ്പര; അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

തൃശ്ശൂർ: കേരളവർമ്മ കോളജിൽ ചൈനയെ മഹത്വവത്കരിക്കുന്ന പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ചൈനയുടെ നയങ്ങളെ പ്രകീർത്തിക്കുകയും ചെയ്യുന്ന പ്രഭാഷണ പരമ്പര അക്കാദമിക് പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയതെങ്ങനെയെന്നതിനെ കുറിച്ചാണ് കേന്ദ്ര രഹസ്വാന്വേഷണ ഏജൻസി അന്വേഷിക്കുന്നത്.

ഈ നൂറ്റാണ്ട് ചൈനയുടേത്, ചൈനയുടെ വിദേശകാര്യ -സാമ്പത്തിക നയങ്ങൾ ലോകത്തെ നയിക്കും തുടങ്ങിയ വിഷയങ്ങളാണ് പ്രഭാഷണ പരമ്പരയിലുള്ളത്. കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗവും ചിന്ത പബ്ലിഷേഴ്സും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ ഭൂരിഭാഗം അധ്യാപകരും പരിപാടിക്കെതിരാണെന്നാണ് വിവരം. പ്രിൻസിപ്പലും ആദ്യം പരിപാടിയെ എതിർത്തിരുന്നു. എന്നാൽ സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പ്രിൻസിപ്പലിനെ നേരിട്ട് വിളിച്ച് പരിപാടി നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അതേസമയം പ്രഭാഷണ പരമ്പര ഉടൻ നിർത്തി വെയ്ക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. സിപിഎം ചൈനയ്ക്ക് വേണ്ടി ചാരപ്പണി നടത്തുകയാണെന്നും സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ചൈനീസ് ഏജന്റാണെന്നും ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ ആരോപിക്കുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സാമ്പത്തിക സഹായം വാങ്ങി ചൈനയ്ക്ക് വേണ്ടി പ്രചാരവേല നടത്തുന്നത് ദേശദ്രോഹമാണെന്നും ചൈനയുടെ പിആർ വർക്കാണ് യഥാർത്ഥ ചൈനയെ അറിയിക്കാനെന്ന പേരിൽ കേരളവർമ്മയിൽ സംഘടിപ്പിക്കുന്ന പരിപാടിയെന്നും ആരോപണം ഉയരുന്നുണ്ട്.