ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താത്തതിനാണ് കോടതിയുടെ വിമര്‍ശനം. ജഡ്ജിമാര്‍ നേതൃത്വം നല്‍കുന്ന തെരഞ്ഞെടുപ്പ് സമിതികള്‍ നല്‍കുന്ന ശുപാര്‍ശകള്‍ അവഗണിച്ച് സര്‍ക്കാറിന് ഇഷ്ടമുളളവര്‍ക്ക് നിയമനം നല്‍കുകയാണെന്ന് നിരീക്ഷിച്ച കോടതി ഒഴിവുകള്‍ നികത്തുന്നതിനായി സര്‍ക്കാരിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. ഈ സമയത്തിനുള്ളില്‍ നിയമനം നടത്തിയിട്ടില്ലെങ്കില്‍ വ്യക്തമായ കാരണം ബോധിപ്പിക്കണമെന്ന് കര്‍ശന നിര്‍ദേശവും കേന്ദ്രത്തിനു നല്‍കിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബഞ്ചിന്റതാണ് നിര്‍ദേശം. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണെന്നും രാജ്യത്തെ നിയമവാഴ്ച പിന്തുടരാന്‍ സര്‍ക്കാരും ബാദ്ധ്യസ്ഥരാണെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ ശുപാര്‍ശ പട്ടിക താനും കണ്ടതാണെന്നും എന്നാല്‍ ആ പട്ടികയില്‍ നിന്നും തിരഞ്ഞെടുത്ത ചിലര്‍ക്കു മാത്രമാണ് നിയമനം നല്‍കിയതെന്നും ഇന്‍കം ടാക്‌സ് ട്രൈബ്യൂണലിലും ഇതേ അവസ്ഥ തന്നെയാണെന്നും എന്‍ വി രമണ പറഞ്ഞു.
ഈ ട്രൈബ്യൂണലുകളിലേക്കുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ താനും അംഗമായിരുന്നുവെന്നും 544 പേരെ ഇന്റര്‍വ്യൂ ചെയ്തതില്‍ നിന്നും 11 ജുഡീഷ്യല്‍ അംഗങ്ങളുടേയും 10 ടെക്‌നിക്കല്‍ അംഗങ്ങളുടേയും പേരുകള്‍ തങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചതായും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാല്‍ ഈ പട്ടികയില്‍ നിന്നും വളരെ കുറച്ചു പേര്‍ക്കു മാത്രമാണ് സര്‍ക്കാര്‍ നിയമനം നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു.
സെലക്ഷന്‍ കമ്മിറ്റി സമര്‍പ്പിക്കുന്ന ശുപാര്‍ശ പട്ടികയില്‍ നിന്ന് ആവശ്യമുള്ളവരെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സര്‍ക്കാരിനുണ്ടെന്ന അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ വാദത്തിനെതിരെ കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സര്‍ക്കാരിന് ഇഷ്ടമുള്ളവരെ മാത്രം തിരഞ്ഞെടുക്കാനാണെങ്കില്‍ തങ്ങളെന്തിനാണ് ഇന്റര്‍വ്യൂ നടത്തുന്നതിനു വേണ്ടി വിലയേറിയ സമയം പാഴാക്കിയതെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു.
സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാനാണെങ്കില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റിക്ക് എന്ത് വിലയാണുള്ളതെന്നും ജസ്റ്റിസ് എല്‍ നാഗേശ്വര റാവു ചോദിച്ചു. ട്രൈബ്യൂണലുകളില്‍ നിയമനം നടത്താത്തതിനാല്‍ കേസുകള്‍ കെട്ടികിടക്കുകയാണെന്നും ഇത് ജനങ്ങള്‍ക്ക് നിരവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ചൂണ്ടിക്കാട്ടി.

