വാഷിങ്ടണ്‍: ലോകത്തില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷന്‍ വാട്സാപ്പില്‍ പുതിയ അപ്ഡേഷന് എത്തുന്നു. ഇനിമുതല്‍ വാട്സാപ്പിലൂടെ അയക്കുന്ന ശബ്ദസന്ദേശങ്ങള്‍ അഥവാ വോയ്സ് മെസേജ് കേള്‍ക്കാന്‍ മാത്രമല്ല വായിക്കാനും കഴിയുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വാട്സാപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന വെബ് പോര്‍ട്ടലായ ഡബ്ല്യൂ.എ.ബീറ്റ-ഇന്‍ഫോയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
വാട്സാപ്പില്‍ ലഭിക്കുന്ന ശബ്ദസന്ദേശത്തെ ട്രാന്‍സ്ക്രൈബ് ചെയ്യാനുള്ള ഓപ്ഷനാണ് വികസിപ്പിക്കുന്നതെന്ന് ഡബ്ല്യൂ.എ.ബീറ്റ-ഇന്‍ഫോയില്‍ വ്യക്തമാക്കുന്നു. വാട്സാപ്പില്‍ അയക്കുന്ന ശബ്ദസന്ദേശങ്ങള്‍ ലഭിക്കുന്ന ആള്‍ക്ക് സന്ദേശം ഉച്ചത്തില്‍ പ്ലേ ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍, മുഴുവന്‍ സന്ദേശവും കേട്ടുതീര്‍ക്കാന്‍ സമയമില്ലെങ്കില്‍, ചിലപ്പോള്‍ ഹെഡ്സെറ്റ് കയ്യില്‍ കരുതാത്തതിനാല്‍ തുടങ്ങി നിരവധി സാഹചര്യങ്ങളില്‍ വോയ്സ് മെസേജ് കേള്‍ക്കാന്‍ കഴിയാതെ വരാം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ശബ്ദസന്ദേശം വായിക്കാന്‍ കഴിയുന്ന വിധത്തില്‍ രൂപമാറ്റം വരുത്താനുള്ള സംവിധാനം നല്‍കാനാണ് വാട്സാപ്പ് ഉദ്ദേശിക്കുന്നത്. ആന്‍ഡ്രോയ്ഡ്-ആപ്പിള്‍ മൊബൈലുകളില്‍ ഉടന്‍ തന്നെ വാട്സാപ്പിന്റെ പുതിയ സംവിധാനം നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

