കോട്ടയം: പാലാ ബിഷപിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖപത്രം ദീപിക. തീവ്രവാദികളെ ഭയന്ന് നടത്തിയതാകാം മുഖ്യമന്ത്രിയുടെ പ്രതികരണമെന്ന് എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ദീപിക കുറ്റപ്പെടുത്തി.
ഇത്രയും ഉപദേശകര്‍ ഉണ്ടായിട്ടും ഇതുവരെ നാര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ച് കേരളത്തിലെ മുഖ്യമന്ത്രി കേട്ടിട്ടില്ല. കേരളാ കോണ്‍ഗ്രസ് മാണികൂടി ഉള്‍പ്പെട്ടതാണ് മുന്നണി. മുഖ്യമന്ത്രി പറയുന്നതല്ല തങ്ങളുടെ അഭിപ്രായമെങ്കില്‍ ജോസ് കെ.മാണി തുറന്നു പറയേണ്ടതുണ്ടെന്നും ‘ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ’ എന്ന തലക്കെട്ടോടെ ലേഖനത്തില്‍ ദീപിക ചോദിക്കുന്നു.
മാത്രമല്ല, കോണ്‍ഗ്രസ് നേതാക്കളായ വി.ഡി.സതീശനും പി.ടി. തോമസും പിതാവിന്റെ വാക്കുകളെ അപലപിച്ചെന്നും, സതീശന്‍ പ്രതിപക്ഷ നേതാവാണ്. കേരളത്തിലെ ജനാധിപത്യ മുന്നണിയുടെ നേതാവ് കേരളാ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ചേര്‍ന്ന ജനാധിപത്യമുന്നണിയുടെ അഭിപ്രായമാകണം പറയേണ്ടത്. വിയോജിപ്പുള്ള ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. അല്ലാത്തവര്‍ സതീശനൊപ്പമെന്ന് കരുതേണ്ടിവരുമെന്നും ലേഖനത്തില്‍ പറയുന്നു.
മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥനേയും ലേഖനം കടുത്തഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. പാലാ ബിഷപ്പ് പറഞ്ഞതാണ് സത്യം എന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസുകാരെ വിമര്‍ശിക്കാന്‍ ശബരീനാഥന്‍ അടക്കമുള്ള നേതാക്കള്‍ തിടുക്കംകാട്ടി. പാലായിലെ യൂത്ത് കോണ്‍ഗ്രസുകാരെ ശബരീനാഥന് അറിയണമെന്നില്ല. നൂലില്‍കെട്ടി ഇറക്കപ്പെട്ടവനാണല്ലോ അദ്ദേഹം. പാലായിലെ കോണ്‍ഗ്രസുകാരെ പുറത്താക്കിയാല്‍ അവര്‍ക്ക് ഒന്നുമില്ലെന്നും കോണ്‍ഗ്രസിന് ഏറെ ഉണ്ടാകുമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

