നാർക്കോട്ടിക്ക് ടെററിസം കേരളത്തിലും ലോകത്ത് എല്ലായിടത്തും ശക്തമാണ്; പാലാ ബിഷപ്പിനെ പിന്തുണച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: നാർക്കോട്ടിക്‌സ് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിനെ പിന്തുണച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാലാ ബിഷപ്പിന്റെ അഭിപ്രായത്തിനെതിരെ എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ആശങ്ക പരിശോധിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നാർക്കോട്ടിക്ക് ടെററിസം കേരളത്തിലും ലോകത്ത് എല്ലായിടത്തും ശക്തമാണ്. ഡ്രഗ് മാഫിയയും ഭീകരവാദ സംഘടനകളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. പാലാ ബിഷപ്പ് പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമല്ല. ഡ്രഗ് മാഫിയ സംഘങ്ങളിൽ പലർക്കും തീവ്രവാദബന്ധമുണ്ട്. ഇതിന്റെ പേരിൽ ബിഷപ്പിന് ഭ്രഷ്ട് കൽപ്പിക്കണമെന്ന് പറയുന്നത് എന്തിനാണ്. കേരളത്തിൽ നർക്കോട്ടിക് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരെ പരിശോധിച്ചാലറിയാം. എല്ലാവർക്കും തീവ്രവാദികളുമായി ബന്ധമുണ്ട്. ഡ്രഗ് മാഫിയ, നാർക്കോട്ടിക് കേസുകളിൽ പെടുന്നവരുടെ പേരുകളും കണക്കുകളും പരിശോധിച്ചാൽ എല്ലാവരുടെയും ബന്ധം എത്തുന്നത് തീവ്രവാദ ബന്ധത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലും ഇന്ത്യയിലും മാത്രമല്ല, ലോകത്തെല്ലായിടത്തും ഡ്രഗ് മാഫിയയും ഭീകരവാദ സംഘടനകളും തമ്മിൽ ശക്തമായ ബന്ധമുണ്ട്. പാലാ ബിഷപ് പറഞ്ഞത് പുതിയ കാര്യമല്ല. അദ്ദേഹത്തെ എല്ലാവരും ചേർന്ന് ആക്രമിക്കേണ്ടതില്ല. തീവ്രവാദശക്തികളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ലഹരിമരുന്ന് കടത്താണ്. ലോകത്തുള്ള എല്ലാ ഭീകരവാദ സംഘടനകളും മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ടതാണ്. കേരളത്തിലും അറസ്റ്റു ചെയ്യപ്പെടുന്നവരുടെ പശ്ചാത്തലമെടുത്താൽ വലിയൊരു വിഭാഗത്തിന് ഈ ബന്ധമുണ്ട്. അതുകൊണ്ട് ഈ വിഷയം കേരള സമൂഹം ചർച്ച ചെയ്യട്ടെ. ചർച്ചയെ എന്തിനാണ് ഭയപ്പെടുന്നത്. പറഞ്ഞതിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അത് പരിശോധിക്കട്ടെ. അല്ലാതെ നടപടിയെടുക്കണമെന്ന് പറയുന്നതും ഭ്രഷ്ട് കല്പിക്കുന്നതുമല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.