കൊച്ചി: മൈക്രോ വീഡിയോകളിലൂടെ അഭിപ്രായങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനായി പുതിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുമായി അച്ഛനും മകളും. നൂഗാ എന്ന സമൂഹ മാധ്യമം വികസിപ്പിച്ചെടുത്ത് ബെംഗളൂരുവില്‍ താമസക്കാരനായ എറണാകുളം സ്വദേശി സഞ്ജയ് വേലായുധനും മകള്‍ കണ്ണൂര്‍ നിഫ്റ്റിലെ വിദ്യാര്‍ഥിനി നക്ഷത്രയുമാണ്.
പ്രസക്തമുള്ള ഏതു വിഷയവും പരമാവധി രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള മൈക്രോ വിഡിയോകള്‍ മാത്രം പ്രചരിപ്പിക്കാന്‍ കഴിയുന്ന പ്ലാറ്റ്ഫോമാണു നൂഗാ.
‘ഉപകര്‍ത്താക്കള്‍ക്ക് നിര്‍ഭയത്തോടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു മാധ്യമം ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നൂഗാ! ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലായതിനാല്‍ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും മാത്രമാണ് ലഭ്യമായിട്ടുള്ളത്. അടുത്ത ലക്ഷ്യം നൂഗായെ ഏഷ്യ പസിഫിക്ക്, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ മേഖലകളിലേക്കും കൂടി വികസിപ്പിക്കുക എന്നതാണ്.’ നൂഗായുടെ സ്ഥാപകരിലൊരാളായ സഞ്ജയ് വേലായുധന് വ്യക്തമാക്കി.
‘പുതു തലമുറയ്ക്ക് ശബ്ദിക്കാനൊരിടം കൊടുക്കുകയാണ് നൂഗാ! നവീനമായ ആശയങ്ങളിലൂടെ മാത്രമേ പുരോഗതിയിലേക്കെത്തുകയുള്ളു, അതിനാല്‍ ഏതു സാഹചര്യത്തിലും മുന്നോട്ട് പോവുകയെന്നതാണ് പ്രധാനമെന്ന് നൂഗായുടെ മറ്റൊരു സ്ഥാപകയായ നക്ഷത്രയും അറിയിച്ചു.
ആപ്പ് ഡൗണ്‍ലോഡ് ചെയ്ത്, വ്യക്തിവിവരങ്ങള്‍ നല്കി അംഗത്വമെടുക്കാം. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത്, പ്രസക്തമെന്നു തോന്നുന്ന ഏതു വിഷയത്തിലും വിഡിയോ റെക്കോര്‍ഡ് ചെയ്ത് അപ്ലോഡ് ചെയ്യാം. തലക്കെട്ടും ഹാഷ്ടാഗും ചെറുവിവരണവുമുണ്ടാകണം. വിഡിയോക്കു ലഭിക്കുന്ന സ്വീകാര്യതയനുസരിച്ച് പോയിന്റുകള്‍ ലഭിക്കും. മറ്റുള്ളവര്‍ക്ക് വിഡിയോ ആയിത്തന്നെ കമന്റ് രേഖപ്പെടുത്താം. ഇഷ്ടമുള്ള വിഡിയോ മറ്റു സമൂഹമാധ്യമങ്ങളിലേക്കു നേരിട്ടു ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.
ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നൂഗ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി www.noo-gah.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

