ന്യൂഡല്‍ഹി: താലിബാന്‍ മോചിപ്പിച്ച 25 ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതീവ ജാഗ്രത വേണമെന്നും, ജാഗരൂകരായിരിക്കണം എന്നും നിര്‍ദ്ദേശമുണ്ട്. ഭീകരരുടെ കൂട്ടത്തില്‍ മലയാളികളും ഉണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഐഎസ് തീവ്രവാദികള്‍ നിമിഷ ഫാത്തിമയും സോണിയയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ മറ്റേതെങ്കിലും രാജ്യം വഴി ഇന്ത്യയിലേക്ക് എത്താനോ അല്ലെങ്കില്‍ കടല്‍മാര്‍ഗം രാജ്യത്ത് എത്താനോ ഉള്ള സാധ്യതയാണ് സുരക്ഷ ഏജന്‍സികള്‍ മുന്നോട്ടുവയ്ക്കുന്നത്.
താലിബാന്‍ ഭരണം കയ്യടക്കിയതോടെ നൂറുകണക്കിന് തീവ്രവാദികളെയായിരുന്നു ജയിലുകളില്‍ നിന്നും മോചിപ്പിച്ചത്. ഈ അടുത്താണ് ഐ.എസ് തീവ്രവാദികളും മോചിതരായത്. ഇതില്‍ കാസര്‍ഗോഡ് സ്വദേശിയായ മലയാളിയും ഉള്‍പ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
താലിബാന്‍ ഇവരെ മോചിപ്പിച്ചുവെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ നീക്കങ്ങള്‍ സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. ഇപ്പോള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

