എന്തും വിളിച്ച് പറയാന്‍ യൂട്യൂബ് ചാനലും, വെബ് പോര്‍ട്ടലും; ആശങ്കയറിയിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ യൂട്യൂബ് ചാനലുകളിലൂടെയും, വെബ് പോര്‍ട്ടലുകളിലൂടെയും രൂക്ഷമായ വര്‍ഗീയ വിദ്വേഷം പരത്തുന്നുവെന്നും ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും സുപ്രീം കോടതി.

ഒരു വിഭാഗം സ്വകാര്യ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ എന്ത് വാര്‍ത്ത നല്‍കിയാലും അതില്‍ വര്‍ഗീയത കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും ഈ പ്രവണത അന്തിമമായി ഇന്ത്യയുടെ സത്കീര്‍ത്തിയെ ആണ് നശിപ്പിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചിന്റേതാണ് പരാമര്‍ശം.

നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ക്ക് എതിരായ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിയന്ത്രണങ്ങളില്ലാതെ വെബ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും പ്രവര്‍ത്തിക്കുന്നതില്‍ ആശങ്ക രേഖപെടുത്തിയത്.

ചില ഓണ്‍ലൈന്‍ വെബ്‌പോര്‍ട്ടലുകള്‍ സാധാരണ ജനങ്ങള്‍ക്കെതിരെയും കോടതിക്കെതിരെയും തോന്നിയതുപോലെ എന്തും എഴുതി പിടിപ്പിക്കുമെന്നും, എന്നാല്‍ ഇവര്‍ക്കെതിരെ എവിടെ പരാതിപ്പെടണമെന്നു പോലും പൊതു ജനങ്ങള്‍ക്ക് അറിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം വെബ്‌സൈറ്റുകള്‍ അധികാരത്തിലിരിക്കുന്നവരെ മാത്രം ഭയക്കുന്നവരാണെന്നും ജഡ്ജിമാരെ പോലും ഇവര്‍ മോശമായി ചിത്രീകരിക്കുന്നത് പതിവായിരിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

യൂട്യൂബ് അടക്കമുള്ള ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ വരുന്ന ഉള്ളടക്കങ്ങളെയും കോടതി വിമര്‍ശിച്ചു. ആര്‍ക്ക് വേണമെങ്കിലും ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി തങ്ങള്‍ക്ക് ഇഷ്ടമുള്ളതെന്തും വിളിച്ചു പറയാന്‍ സാധിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇങ്ങനെയുള്ള ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളെ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഐ ടി നിയമം രാജ്യത്ത് നടപ്പിലാക്കിയതെന്നും എന്നാല്‍ അതിനെതിരെയും നിരവധി പെറ്റീഷനുകള്‍ സുപ്രീം കോടതിയുടെ പരിഗണന കാത്ത് കിടപ്പുണ്ടെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞു.