സംഗീതത്തിന് മറുപടി വധശിക്ഷ ; അഫ്ഗാന്‍ പ്രാദേശിക ഗായകനെ താലിബാന്‍ വകവരുത്തി !

കാബൂള്‍: അഫ്ഗാനില്‍ മികച്ച ഭരണം കാഴ്ചവയ്ക്കുമെന്ന് അധികാരമേറ്റപ്പോള്‍ ലോകത്തിനു മുന്നില്‍ വാക്കുതന്ന താലിബാന്‍ തന്റെ കാടന്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ തുടര്‍ച്ചയായി ഫവദ് അന്ദരാബി എന്ന പ്രാദേശിക ഗായകനെ താലിബാന്‍ വധിച്ചതായാണ് പുതിയതായി വന്ന റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ മുന്‍ മന്ത്രി മസൂദ് അന്ദരാബിയെ ഉദ്ധരിച്ച് അഫ്ഗാനിസ്ഥാനിലെ ഒരു പ്രാദേശിക മാധ്യമമാണ് ഈ ക്രൂരത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതിനു മുമ്പും താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണമേറ്റെടുത്തപ്പോള്‍ രാജ്യത്തുണ്ടായിരുന്ന നിരവധി സംഗീതജ്ഞരെ ഉപദ്രവിക്കുകയും കൊന്നൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ ഭരണമേല്‍ക്കുന്നതിനു മുമ്പു തന്നെ മുന്‍ വര്‍ഷങ്ങളില്‍ കണ്ടിരുന്ന താലിബാന്‍ ആയിരിക്കില്ല ഇത്തവണത്തേത് എന്ന് നേതാക്കള്‍ തന്നെ അഫ്ഗാന്‍ ജനങ്ങള്‍ക്കും ലോകരാഷ്ട്രങ്ങള്‍ക്കും ഉറപ്പു നല്‍കിയിരുന്നു. ഈ ഉറപ്പുകളൊക്കെ കാറ്റില്‍ പറത്തിയാണ് അഫ്ഗാനിലെ താലിബാന്റെ അധികാര വിളയാട്ടം.