മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം; കൊടിക്കുന്നില്‍ സുരേഷിന്റെ അഭിപ്രായം കോണ്‍ഗ്രസിനില്ലെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ വിമര്‍ശനത്തെ തള്ളി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മുഖ്യമന്ത്രിയുടെ മകളെ പട്ടികജാതിക്കാരന് കല്ല്യാണം കഴിച്ചു കൊടുക്കുമായിരുന്നുവെന്ന കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവനയാണ് വി.ഡി സതീശന്‍ തള്ളിയത്. കൊടിക്കുന്നിലിന്റെ അഭിപ്രായം തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്നും അങ്ങനെയൊരു അഭിപ്രായം കോണ്‍ഗ്രസിനില്ലെന്നും സതീശന്‍ പ്രതികരിച്ചു.

എസ്.സി -എസ്.ടി വികസന ഫണ്ട് തട്ടിപ്പ് അന്വേഷിക്കണം എന്ന ആവശ്യവുമായി നടത്തിയ ധര്‍ണയിലാണ് കൊടിക്കുന്നിലിന്റെ വിവാദ പരാമര്‍ശം. പട്ടികജാതിക്കാരോട് മുഖ്യമന്ത്രിക്ക് കടുത്ത അവഗണനയാണെന്നും നവോത്ഥാന നായകനാണെങ്കില്‍ മുഖ്യമന്ത്രി മകളെ പട്ടികജാതിക്കാരന് വിവാഹം കഴിപ്പിച്ചു കൊടുക്കുമായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.

സ്വന്തം കസേര ഉറപ്പിക്കാനുളള നവോത്ഥാനം മാത്രമാണ് മുഖ്യമന്ത്രിയുടേതെന്ന് പറഞ്ഞ കൊടിക്കുന്നില്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനെ കൊണ്ടുവന്നത് നവോത്ഥാനമാണെന്ന് പറഞ്ഞതിനെയും വിമര്‍ശിച്ചിരുന്നു. സംഭവം വിവാദമായതോടെ നവോത്ഥാന നായകന്‍ എന്ന് മുഖ്യമന്ത്രി പറയുന്നതിലെ ആത്മാര്‍ത്ഥ ചോദ്യം ചെയ്തതാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രതികരിച്ചു.