തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം മുന്നില്‍ക്കണ്ട് കേരളത്തില്‍ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം എത്രയും വേഗം കൂട്ടണമെന്ന്ആരോഗ്യ വിദഗ്ധര്‍. ഓണത്തോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം നിലവിലുള്ളതിനേക്കാള്‍ മൂന്നുമുതല്‍ നാലിരട്ടി വരെ ആകാമെന്നാണ് മുന്നറിയിപ്പ്.
ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കില്‍ ആശുപത്രി സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്ന ഗുരുതര രോഗികള്‍ ഉണ്ടാകാനേ സാധ്യതയുള്ളുവെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഐസിയു വെന്റിലേറ്റര്‍ എന്നിങ്ങനെയുള്ള അതി തീവ്ര പരിചരണം എന്നതിനേക്കാള്‍ ഓക്‌സിജന്‍ നല്‍കിയുള്ള ചികില്‍സയാകും കൂടുതല്‍ വേണ്ടി വരിക. അതിനാല്‍ തന്നെ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണംപരമാവധി കൂട്ടണമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നു.
മലപ്പുറം, തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് നിലവില്‍ കൂടുതല്‍ രോഗ ബാധിതര്‍ ഉള്ളത്. ഈ ജില്ലകളില്‍ അതീവ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം. ഇവിടങ്ങളില്‍ വാസ്‌കിന്‍ പരമാവധിപേരില്‍ എത്തുന്നുണ്ടെന്ന് ആരോഗ്യതദ്ദേശ വകുപ്പുകള്‍ ഉറപ്പാക്കണം. പ്രതിദിന പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷം വരെ കൂട്ടണമെന്നും ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെടുന്നു.
സമ്പര്‍ക്ക വ്യാപനം ഒഴിവാക്കാന്‍ സമ്പര്‍ക്കപട്ടിക തയാറാക്കുന്നത് ശക്തമാക്കുകയും നിരീക്ഷണം കര്‍ശനമാക്കുകയും ചെയ്യണം. ഇതിന് ആരോഗ്യവകുപ്പ് തന്നെ മേല്‍നോട്ടം വഹിക്കണം, പ്രായാധിക്യമുളളവരില്‍ രണ്ടാം ഡോസ് അതിവേഗം എത്തിക്കാനുളള നടപടി ഉണ്ടാകണം. വീടുകളില്‍ ചെന്ന് വാക്‌സിനേഷന്‍ നല്‍കുന്ന പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം. കുട്ടികളിലെ വാക്‌സിനേഷനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

