ബെംഗളൂരു: കോവിഡ് വ്യാപനതോത് കുറഞ്ഞ സാഹചര്യത്തില്‍ കര്‍ണാടകയില്‍ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളും തുറന്നു. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചിരിക്കുന്നത്. പതിനെട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ക്ലാസിലെത്തിയ വിദ്യര്‍ത്ഥികളെ അധ്യാപകര്‍ മധുരം നല്‍കിയാണ് സ്വീകരിച്ചത്.
ടിപിആര്‍ രണ്ട് ശതമാനത്തില്‍ താഴെയുള്ള ജില്ലകളിലാണ് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ സ്‌കൂള്‍ തുറന്നത്. കോവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിച്ചാണ് ക്ലാസുകള്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാണ്, കയ്യില്‍ സാനിറ്റൈസറും കരുതണം. ശരീരോഷ്മാവ് പരിശോധിച്ച ശേഷം മാത്രം ക്ലാസുകളിലേക്ക് പ്രവേശനം. ഒരു ബെഞ്ചില്‍ പരമാവധി രണ്ട് വിദ്യാര്‍ത്ഥികള്‍ മാത്രം.
മാത്രമല്ല, പ്രധാനാധ്യാപകന്റെ മേല്‍നോട്ടത്തില്‍ സ്‌കൂളുകളും പരിസരവും നേരത്തെ അണുമുക്തമാക്കിയിരുന്നു. മുഴുവന്‍ അധ്യാപകര്‍ക്കും വാക്‌സീനും നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളെ ബാച്ചുകളായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അടക്കം നേരിട്ട് സ്‌കൂളുകളിലെത്തി സ്ഥിതി വിലയിരുത്തിയിരുന്നു.

