തിരുവനന്തപുരം: ഓണക്കാലത്തും കോവിഡിനെതിരെ ജാഗ്രത പാലിക്കാന്‍ വിമുഖത കാണിക്കരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ‘ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്’ എന്ന സന്ദേശം തുടരണമെന്നും, അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് നാം, പ്രതിദിന കോവിഡ് കേസുകള്‍ 20,000ന് മുകളിലാണ്. മാത്രമല്ല കേരളം മൂന്നാം തരംഗത്തിന്റെ ഭീഷണിയിലുമാണ്. അതിനാല്‍ തന്നെ ഓണം കഴിഞ്ഞ് കോവിഡ് വ്യാപനമുണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
പുറത്തിറങ്ങുമ്പോള്‍ ഡബിള്‍ മാസ്‌കോ, എന്‍ 95 മാസ്‌കോ ധരിക്കേണ്ടതാണ്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസര്‍ കൊണ്ട് കൈ വൃത്തിയാക്കുകയോ ചെയ്യണം. എല്ലായിടത്തും 2 മീറ്റര്‍ സാമൂഹിക അകലം ഉത്തരവാദിത്തമായി സ്വയം ഏറ്റെടുക്കണം. ആരില്‍ നിന്നും ആരിലേക്കും രോഗം വരാമെന്നും വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി.
ഡെല്‍റ്റ വൈറസായതിനാല്‍ പെട്ടന്ന് വ്യാപനമുണ്ടാക്കും. അതിനാല്‍ അല്‍പം ശ്രദ്ധിച്ച് ഓണമാഘോഷിച്ചാല്‍ ഓണം കഴിഞ്ഞും ഈ സന്തോഷം നിലനിര്‍ത്താമെന്നും മന്ത്രി അറിയിച്ചു.

