കോവിഡാനന്തര ചികിത്സയ്ക്ക് ഇനി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഫീസ് !

തിരുവനന്തപുരം: കോവിഡാനന്തര ചികിത്സയ്ക്ക് ഇനി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പണം ഈടാക്കും. ഇത് സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് ഇറക്കി.

സംസ്ഥാനത്ത് പൂര്‍ണമായും സൗജന്യമായിരുന്ന കോവിഡാനന്തര ചികിത്സ, കാസ്പ് ചികിത്സ കാര്‍ഡ് ഉള്ളവര്‍ക്കും ബിപിഎല്‍ കാര്‍ഡുകാര്‍ക്കും മാത്രമായി പരിമിതപ്പെടുത്തി.

കിടക്കയ്ക്കു ദിവസം 750 മുതല്‍ 2000 രൂപ വരെ എപിഎല്‍ വിഭാഗത്തിനും, സ്വകാര്യ ആശുപത്രിയില്‍ 2645 രൂപ മുതല്‍ 15,180 വരെ ഈടാക്കാനും അനുമതി നല്‍കി. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കും നിരക്ക് ബാധകമാക്കിയിട്ടുണ്ട്. മ്യൂക്കോമൈക്കോസിസ്, ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ തടിപ്പുകള്‍ തുടങ്ങിയ ചികിത്സയ്ക്കും നിരക്ക് ബാധകമാണ്.

ജനറല്‍ വാര്‍ഡില്‍ ദിനംപ്രതി 750 രൂപയും, എച്ച്ഡിയുവില്‍ 1250 രൂപയും, ഐസിയുവില്‍ 1500 രൂപയും, വെന്റിലേറ്റര്‍ ഐസിയുവില്‍ 2000 രൂപയുമാണു സര്‍ക്കാര്‍ ആശുപത്രിയിലെ നിരക്ക്.