സ്ത്രീയുമായി ചാറ്റുചെയ്‌തെന്ന് ആരോപിച്ച് ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വച്ച് ആക്രമിച്ചു; മനംനൊന്ത് അധ്യാപകന്‍ ജീവനൊടുക്കി

മലപ്പുറം: മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അധ്യാപകന്‍ ജീവനൊടുക്കി. പ്രശസ്ത ചിത്രകാരനും സ്‌കൂള്‍ അധ്യാപകനും സിനിമാ സാംസ്‌കാരികമേഖലകളില്‍ സജീവസാന്നിധ്യവുമായിരുന്ന സുരേഷ് ചാലിയത്തിനെ(44)യാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സുഹൃത്തായ സ്ത്രീയുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് ഒരുസംഘം കഴിഞ്ഞദിവസം വീട്ടില്‍ അതിക്രമിച്ചുകയറി സുരേഷിനെ മര്‍ദ്ദിച്ചത്. സ്വന്തം ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വച്ച് അക്രമിസംഘം സുരേഷിനെ മര്‍ദ്ദിച്ച ശേഷം തറയിലൂടെ വലിച്ചിഴച്ചു. കടുത്ത അസഭ്യവര്‍ഷവും സംഘം സുരേഷിന് നേരെ നടത്തിയെന്നാണ് വിവരം.

സ്വന്തം വീട്ടുകാരുടെ മുന്നില്‍വച്ച് ഇത്തരമൊരു അപമാനത്തിന് ഇരയായതിന്റെ മനോവിഷമത്തിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സുരേഷ് എന്നാണ് കൂട്ടുകാര്‍ അടക്കമുള്ളവര്‍ പറയുന്നത്. ശനിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിന്റെ കലാസംവിധായകനായിരുന്നു. മലപ്പുറത്തെ സാംസ്‌കാരികക്കൂട്ടായ്മയായ ‘രശ്മി’യുടെ സജീവപ്രവര്‍ത്തകനുമായിരുന്നു സുരേഷ്.