സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ ഗുരുതര സാമ്പത്തിക ക്രമക്കേട്; 3.5 കോടി കൂടി പിഴ

കൊച്ചി: സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നെന്ന് ആദായനികുതി വകുപ്പ്. നികുതിവെട്ടിപ്പ് നടന്നതിനാല്‍ എറണാകുളം- അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്നും ആദായ നികുതി വകുപ്പ് റിപ്പോര്‍ട്ട് നല്‍കി.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ മുന്‍ പ്രൊക്യുറേറ്റര്‍ ജോഷി പുതുവ നിര്‍ണായക മൊഴിയും നല്‍കിയിട്ടുണ്ട്. ഇടനിലക്കാരന്‍ സാജു വര്‍ഗീസിനെ പരിചയപ്പെടുത്തിയത് കര്‍ദിനാളാണെന്നാണ് പ്രൊക്യുറേറ്റര്‍ മൊഴി നല്‍കിയിരിക്കുന്നത്.

കോട്ടപ്പടി ഭൂമി മറിച്ചുവില്‍ക്കാന്‍ ചെന്നൈയില്‍ നിന്നുളള ഇടപാടുകാരെ കര്‍ദിനാള്‍ നേരിട്ട് കണ്ടെന്നും. മറിച്ച് വിറ്റ് ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുളള റിയല്‍ എസ്റ്റേറ്റ് ഇടപാടിലാണ് പങ്കാളികളായതെന്നും ആദായ നികുതി വകുപ്പ് നിരീക്ഷിച്ചിട്ടുണ്ട്.

മാത്രമല്ല, അതിരൂപതയുടെ അക്കൗണ്ടില്‍ നിന്നുളള പണം വകമാറ്റിയാണ് ഈ ഇടപാടുകള്‍ നടത്തിയത്. യഥാര്‍ഥ വില മറച്ചുവെച്ചാണ് അതിരൂപത ഭൂമിയിടപാടുകള്‍ നടത്തിയത്. ഇടനിലക്കാരനായ സാജു വര്‍ഗീസ് ഭൂമി മറിച്ചു വിറ്റ് വില്‍പ്പന നടത്തി. ഈ ഇടപാടുകളിലും യഥാര്‍ഥ വിലയല്ല രേഖകളില്‍ കാണിച്ചത്. വന്‍ നികുതിവെട്ടിപ്പാണ് ഈ ഇടപാടുകള്‍ വഴി നടത്തിയത് എന്നും ആദായനികുതി വകുപ്പ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കേസില്‍ നേരത്തെ രണ്ടരക്കോടിയോളം രൂപ പിഴയൊടുക്കിയിരുന്നു. ഇതിനുശേഷം വീണ്ടും നടത്തിയ കണക്കെടുപ്പിലാണ് ഇപ്പോള്‍ മൂന്നരക്കോടി രൂപ കൂടി പിഴയടക്കാന്‍ നിര്‍ദേശിച്ചത്.

അതേസമയം, കേസില്‍ വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.