തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാശ്രീ പദ്ധതി പ്രകാരം വിദ്യാര്‍ഥികള്‍ക്ക് നല്കിയ ലാപ്ടോപ്പുകളില് കേടുവന്നവ തിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇത്തരം ലാപ്ടോപ്പുകള് കെഎസ്എഫ്ഇ ശാഖകളില്‍ ഏല്‍പ്പിച്ചാല്‍ മതിയെന്നും മന്ത്രി അറിയിച്ചു.
വിതരണത്തില്‍ കാലതാമസം വരുത്തിയ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി നിയമസഭയില്‍ അറിയിച്ചു.
മാത്രമല്ല, ലാപ്ടോപ്പ് വാങ്ങാന്‍ കെഎസ്എഫ്ഇ വഴി വായ്പ എടുത്തവരില്‍ നിന്ന് പിഴ പലിശ ഈടാക്കാന്‍ പാടില്ലെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി രേഖാമൂലം അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് കുറഞ്ഞ ചിലവില്‍ ലാപ്ടോപ്പ് എന്ന ലക്ഷ്യത്തിലായിരുന്നു സര്‍ക്കാര്‍ വിദ്യാശ്രീ പദ്ധതി ആവിഷ്ക്കരിച്ചത്.
എന്നാല്‍ പദ്ധതി വഴി നല്കിയ ലാപ്ടോപ്പുകള് ഓണ്‍ ആകുന്നു പോലുമില്ലെന്നും, വേഗം നശിച്ചുപോകുന്നുവെന്നും പരാതികള്‍ വ്യാപകമായിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് കേടായ ലാപ്ടോപ്പുകള് തിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. അതേസമയം പവര്‍ സ്വിച്ചിന് മാത്രമാണ് പ്രശ്നമെന്നും ലാപ്ടോപ്പുകള് മാറ്റി നല്‍കുമെന്നും കൊക്കോണിക്സ് കമ്പനി അറിയിച്ചിരുന്നു.
സ്റ്റാര്‍ട്ട് അപ് സംരംഭമായ കൊക്കോണിക്സിന്റെ 461 ലാപ്ടോപ്പുകള് മാറ്റി നല്‍കിയിട്ടുണ്ട്, 2130 ലാപ്ടോപ്പുകളാണ് കമ്പനി ആകെ വിതരണം ചെയ്തത്.

