ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടും, അഞ്ച് നേതാക്കളുടെ അക്കൗണ്ടും മരവിപ്പിച്ചി ട്വിറ്റര്‍. കോണ്‍ഗ്രസ് മാധ്യമവക്താവ് രണ്‍ദീപ് സുര്‍ജേവാല, എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ അജയ് മാക്കന്, ലോക്സഭാ വിപ്പ് മാണിക്കം ടാഗോര്‍, മുന്‍ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സുഷ്മിത ദേവ് എന്നിവരുടെ അക്കൗണ്ടുകള്‍ക്കെതിരേയാണ് ട്വിറ്റര്‍ നടപടി.
നേരത്തെ, രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടും ലോക്ക് ചെയ്തിരുന്നു. സാമൂഹമാധ്യമ ചട്ടങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ട്വിറ്റര്‍ നല്കുന്ന വിശദീകരണം.
ഈ സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉയര്‍ന്നു വന്നിരിക്കുന്നത്. ട്വിറ്ററിന് കേന്ദ്ര സര്‍ക്കാരിനെ പേടിയാണെന്നും, നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ വിഫലമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
അക്കൗണ്ടിന് പൂട്ടിട്ടാല്‍ ഇന്ത്യക്ക് വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് തടയിടാന്‍ സാധ്യമാകുമെന്നാണ് മോദി കരുതുന്നതെന്നും, കാലാപാനി ജയിലിന് മുന്നില്‍ പോരാട്ടം നടത്തിയ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നകാര്യം മോദി മനസ്സിലാക്കണമെന്നും തെറ്റുകള്‍ക്കെതിരായ പോരാട്ടം തുടുമെന്നും എഐസിസി സെക്രട്ടറി ഇന്‍ ചാര്‍ജ് പ്രണവ് ജാ ട്വീറ്റ് ചെയ്തു.

