രഖിലിന് തോക്ക് നല്‍കിയ ബീഹാറികള്‍ കേരളത്തില്‍ വിറ്റിരിക്കുന്നത് ഇരുപതോളം തോക്കുകള്‍

കൊച്ചി: കേരളത്തിലേക്ക് ഇരുപതോളം തോക്കുകള്‍ വിറ്റിട്ടുണ്ടെന്ന് മാനസയെ കൊലപ്പെടുത്തിയ രഖിലിന് തോക്ക് നല്കിയ ബിഹാര്‍ സ്വദേശി സോനുകുമാര്‍. പ്രതികളുടെ ഫോണില്‍ നിന്ന് തോക്കുകള്‍ വാങ്ങിയവരുടെ നമ്പറുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

മാത്രമല്ല, മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. രഖില്‍ തോക്ക് വാങ്ങാന്‍ പോകുന്ന ദൃശ്യങ്ങളും, അറസ്റ്റിലായ പ്രതി മനേഷ് കുമാര്‍ വര്‍മ തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തുന്നതും, രഖിലിനൊപ്പം കാറില്‍ സഞ്ചരിക്കുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.

മാനസയെ കൊലപ്പെടുത്തുന്നതിന് മുമ്പ് രഖിലിന് തോക്ക് ഉപയോഗിക്കാന്‍ കൃത്യമായ പരിശീലനം ലഭിച്ചിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. സോനുകുമാറിന്റെയും ഇടനിലക്കാരനായ ടാക്‌സി ഡ്രൈവര്‍ മനേഷ്‌കുമാറിന്റെയും ഫോണുകളില്‍ നിന്നാണ് നിര്‍ണായകമായ ദൃശ്യങ്ങള്‍ ലഭിച്ചത്. ബിഹാറില്‍ നിന്ന് അറസ്റ്റിലായ സോനുകുമാറിനെയും മനേഷ് വര്‍മയെയും ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ചു.