ഹരീഷ് വാസുദേവനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ കോടതിയില്‍, പോലീസിനോട് റിപ്പോര്‍ട്ട് തേടി !

പാലക്കാട്: അഡ്വ. ഹരീഷ് വാസുദേവനെതിരെവാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ പരാതിയില്‍ പോലീസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് കോടതി. മണ്ണാര്‍ക്കാട് എസ് സി – എസ് ടി സ്‌പെഷ്യല്‍ കോടതിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടുവെന്നാണ് പരാതി. ഹരീഷിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് വാളയാര്‍ സിഐയ്ക്കും, എസ് പിയ്ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും പോലീസുകാര്‍ സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.

സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും, എസ് സി എസ്ടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുക്കണമെന്നായിരുന്നു ആവശ്യം. പരാതി പരിശോധിച്ച കോടതി പൊലീസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന രീതിയിലായിരുന്നു ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്. വാളയാര്‍ കേസില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്കും ഇത് വഴിവെച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ മത്സരിച്ചതിന് തന്നെ മനപ്പൂര്‍വം അപമാനിക്കാനാണ് ഹരീഷ് വാസുദേവന്‍ ശ്രമിച്ചതെന്നായിരുന്നു അമ്മയുടെ ആരോപണം.