കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആയുധമാക്കി ചൈന ഇന്ത്യക്കെതിരെ പടയൊരുക്കിയെന്ന് വിജയ് ഗോഖലെ !

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ആണവ കരാര്‍ അട്ടിമറിക്കാനായി ചൈന ഇടതുപാര്‍ട്ടികളുമായുള്ള ബന്ധം ഉപയോഗിച്ചെന്ന ആരോപണവുമായി മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. യുപിഎ സര്‍ക്കാരിന്റെ ആണവ കരാറിനെതിരെ ആഭ്യന്തര തലത്തില്‍ പ്രതിരോധം ഉയര്‍ത്താന്‍ ചൈന ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികളുമായുള്ള അടുത്ത ബന്ധം ദുരുപയോഗം ചെയ്‌തെന്നാണ് ആരോപണം. വിജയ് ഗോഖലെയുടെ ‘ദ് ലോങ് ഗെയിം: ഹൗ ദ് ചൈനീസ് നെഗോഷ്യേറ്റ് വിത്ത് ഇന്ത്യ’ എന്ന പുസ്തകത്തിലാണ് ഗുരുതരമായ ആരോപണമുള്ളത്.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായുള്ള അടുത്ത ബന്ധം ചൈന ഉപയോഗിച്ചിരുന്നുവെന്നാണ് ഗോഖലെയുടെ പുസ്തകത്തിലെ ഒരു ആരോപണം. സിപിഐയുടെയും സിപിഎമ്മിന്റെയും ഉന്നത നേതാക്കള്‍ ചര്‍ച്ചകള്‍ക്കും ചികിത്സാ ആവശ്യങ്ങള്‍ക്കുമായി ചൈന സന്ദര്‍ശിച്ചിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സുപ്രധാന വിഷയങ്ങളില്‍ തങ്ങളുടെ ദേശീയതയില്‍ ഉറച്ചു നിന്നിരുന്നു. എന്നാല്‍ ഇന്ത്യ – യുഎസ് ആണവ കരാര്‍ സംബന്ധിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ആശങ്കയുണ്ടായിരുന്നുവെന്നാണ് ഗോഖലെ കുറിച്ചിരിക്കുന്നത്.

‘യുപിഎ സര്‍ക്കാരിലും പ്രധാനമന്ത്രി മന്‍മോഹന്‍ സിങിലും ഇടതുപാര്‍ട്ടികള്‍ക്കുള്ള സ്വാധീനം മനസ്സിലാക്കിയ ചൈന ഇന്ത്യ അമേരിക്കയോടു അടുക്കുകയാണെന്ന കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേടി ഉപയോഗിച്ച് ഒരുപക്ഷെ കളിച്ചിരിക്കാം. ഇത് ചൈന ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്റെ ആദ്യ ഉദാഹരണമായിരിക്കാം, പക്ഷെ അവര്‍ തിരശീലയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു.’ എന്ന് ഗോഖലെ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നു.

ഇന്ത്യയും ചൈനയും തമ്മില്‍ കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളാണ് ഗോഖലെ തന്റെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. ടിബറ്റ് വിഷയം മുതല്‍ പൊഖ്‌റാനിലെ ആണവപരീക്ഷണം, സിക്കിം, ഇന്ത്യ – യുഎസ് ആണവകരാര്‍, മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കല്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകളാണ് വിവരിക്കുന്നത്.

ചൈനയില്‍ 20 വര്‍ഷത്തിലധികം പ്രവര്‍ത്തിക്കുകയും, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ ഏഴു വര്‍ഷക്കാലം ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട് വിജയ് ഗോഖലെ. 2007 – 2009 കാലത്ത് ആണവ കരാര്‍ വിവാദ സമയത്ത് വിദേശകാര്യ മന്ത്രാലയത്തിലെ ചുമതലയായിരുന്നു വിജയ് ഗോഖലെയ്ക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം വിദേശകാര്യ സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ചത്.