കോവിഡ് മൂന്നാം തരംഗം തീര്‍ച്ചയായും ഉണ്ടാകും; ജാഗരൂകരായിരിക്കണമെന്ന് സിഎസ്‌ഐആര്‍ !

covid

ഹൈദരാബാദ്: കോവിഡിന്റെ അടുത്ത തരംഗം തീര്‍ച്ചയായും ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍.) ഡയറക്ടര്‍ ജനറല്‍ ഡോ.ശേഖര്‍ സി. മണ്‍ടെ.

യു.കെ., യൂറോപ്പ്, യു.എസ്. തുടങ്ങിയ രാജ്യങ്ങള്‍ മൂന്നാം തരംഗത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്, അതിനാല്‍ നമ്മള്‍ ജാഗരൂകരായിരിക്കണം, അടുത്ത തരംഗത്തിന് സാധ്യതയുണ്ടെന്ന് ഡോ.ശേഖര്‍ സി. മണ്‍ടെ അറിയിച്ചു.

എന്നാല്‍, കോവിഡ് മൂന്നാം തരംഗം എപ്പോള്‍, എങ്ങനെ ഉണ്ടാകുമെന്ന് പറയാന്‍ സാധിക്കില്ലെന്നും, വൈറസിന്റെ ജനിതകമാറ്റം മൂലമോ, കോവിഡ് മാനദണ്ഡങ്ങള്‍ പിന്തുടരുന്നതില്‍ ജനങ്ങളുടെ അലസതയോ ഇതിന് കാരണമായേക്കാം, വാക്‌സിനേഷനും മാസ്‌ക് ധരിക്കുന്നതും തീര്‍ച്ചയായും മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്നും ഡോ.ശേഖര്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

മാത്രമല്ല, കോവിഡ് വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ആശങ്കപ്പെടുത്തുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന്‍ ഗുണകരമാണെന്നതിന് നിരവധി ശാസ്ത്രീയ തെളിവുകളുണ്ട്. കോവിഡ് വൈറസിന്റെ ജനിതക നിരീക്ഷണം അടുത്ത മൂന്ന് വര്‍ഷത്തേക്ക്കൂടി തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.