ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍; 16 ഇനങ്ങളോടൊപ്പം കുടുംബശ്രീവക ശര്‍ക്കരവരട്ടിയും ഉപ്പേരിയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള കിറ്റ് വിതരണം ഇന്നുമുതല്‍. രാവിലെ 8.30ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ തിരുവനന്തപുരം ഇടപ്പഴഞ്ഞി റേഷന്‍ കടയില്‍ വെച്ച് വിതരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭ്യമാക്കും. എഎവൈ, മുന്‍ഗണന, മുന്‍ഗണനേതര സബ്സിഡി, മുന്‍ഗണനേതര നോണ്‍സബ്സിഡി ക്രമത്തിലാണ് കിറ്റ് വിതരണം നടത്തുക.അടുത്ത മാസം 18 ന് മുന്‍പ് കിറ്റ് പൂര്‍ണമായും വിതരണം ചെയ്യുകയാണ് ലക്ഷ്യം. തുണി സഞ്ചി ഉള്‍പ്പെടെ 570 രൂപ വിലമതിക്കുന്ന 16 ഇനങ്ങളാണ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില, മുളക്‌പൊടി, ഉപ്പ്, മഞ്ഞള്‍, ആട്ട, ഉപ്പേരി, ബാത്ത് സോപ്പ് തുടങ്ങിയവയും പായസം തയ്യാറാക്കുന്നതിന് ആവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ/പാലട/ഉണക്കലരി, നെയ്യ് എന്നിങ്ങനെ സാധനങ്ങള്‍ അടങ്ങുന്ന കിറ്റിലെ ശര്‍ക്കരവരട്ടിയും ഉപ്പേരിയും നല്‍കുന്നത് കുടുംബശ്രീയാണ്.

നേരത്തെ, കുട്ടികള്‍ക്കായി ക്രീം ബിസ്‌കറ്റ് നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വേണ്ടെന്നുവയ്ക്കുകയായിരുന്നു.