അഭിമാന നേട്ടം; സംസ്ഥാനത്തെ മൂന്ന് സർക്കാർ ആശുപത്രികൾക്ക് കൂടി എൻ.ക്യൂ.എ.എസ് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് സർക്കാർ ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറസൻസ് സ്റ്റാന്റേർഡ് (എൻ.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം കാട്ടാക്കട ന്യൂ ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രം (സ്‌കോർ 96.4%), കൊല്ലം ഉളിയക്കോവിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്‌കോർ 93.5%), വയനാട് മുണ്ടേരി കൽപറ്റ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്‌കോർ 91.92%) എന്നീ കേന്ദ്രങ്ങൾക്കാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എൻ.ക്യൂ.എ.എസ്. ബഹുമതി ലഭിച്ചതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ആകെ 124 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടാൻ കഴിഞ്ഞത്. 3 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 7 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 32 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 78 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിർത്തുകയാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.