നിയമസഭയിലെ കൈയാങ്കളി കേസ്; മന്ത്രി വി. ശിവൻകുട്ടി രാജിവെയ്ക്കണമെന്ന ആവശ്യം തള്ളി മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസിലെ പ്രതി മന്ത്രി വി. ശിവൻകുട്ടി രാജിവെയ്ക്കണമെന്ന ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ വിചാരണ നേരിടാൻ സുപ്രീംകോടതി വിധിവന്ന സാഹചര്യത്തിൽ മന്ത്രി വി.ശിവൻകുട്ടി രാജിവയ്‌ക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേസ് പിൻവലിക്കാനുള്ള തീരുമാനത്തിൽ തെറ്റില്ലെന്നും ചില സാഹചര്യങ്ങളിൽ കേസ് പിൻവലിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ കയ്യാങ്കളിക്കേസിൽ സർക്കാർ നടപടി ഒരിക്കലും നിയമവിരുദ്ധമല്ല. സർക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെങ്കിലും സുപ്രീം കോടതി വിധി അനുസരിക്കുമെന്നും അദ്ദേഹം വിശദനമാക്കി.

സർക്കാരിന് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയും കേസ് പിൻവലിക്കാൻ സർക്കാരിന് എതിർപ്പില്ലെന്ന് ജില്ലാകളക്ടർമാരെ അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക്ക് പ്രോസിക്യൂട്ടർ കേസ് പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്. എന്നാൽ വിചാരണ കോടതി ഇത് അംഗീകരിച്ചില്ല. തുടർന്ന് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് ഫയൽ ചെയ്തു. കേസ് പിൻവലിക്കാൻ സർക്കാർ എടുത്ത നടപടി ഒരു തരത്തിലും നിയമവിരുദ്ധമല്ലെന്നും സർക്കാർ നടപടിയെ അസാധാരണമായി കാണാനും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരമോന്നത നീതിപീഠത്തിന്റെ വിധി അംഗീകരിക്കുകയാണ്. തുടർ നടപടികൾ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുന്നോട്ടുപോവും. സുപ്രീംകോടതി വിധി അനുസരിക്കാൻ നാമെല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.