കടകൾ തുറക്കാൻ അനുവദിക്കുന്നില്ല; സർക്കാരിനെതിരെ വീണ്ടും പ്രതിഷേധം ശക്തമാക്കാനൊരുങ്ങി വ്യാപാരികൾ

തൃശൂർ: കടകൾ തുറക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് സർക്കാരിനെതിരെ വീണ്ടും പ്രതിഷേധം ശക്തമാക്കാനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി. പെരുന്നാളിന് ശേഷം കടകൾ തുറക്കാൻ സർക്കാർ അനുവദിക്കാത്തതിനെ തുടർന്നാണ് വീണ്ടും സമരവുമായി മുന്നോട്ട് പോകാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചത്. തൃശൂരിൽ ചേർന്ന വ്യാപാരി വ്യവസായി സംസ്ഥാന സമിതിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

ഓഗസ്റ്റ് രണ്ട് മുതൽ സമിതി സെക്രട്ടറിയേറ്റ് പടിക്കൽ ധർണയിരിക്കാനാണ് വ്യാപാരികളുടെ തീരുമാനം. ഓഗസ്റ്റ് ഒൻപതിന് സംസ്ഥാന വ്യാപകമായി കടകൾ തുറക്കുമെന്നും അന്നേദിവസം സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് മോശമായ അനുഭവമുണ്ടായാൽ മരണം വരെ നിരാഹാരം കിടക്കുമെന്നും സമിതി അദ്ധ്യക്ഷൻ ടി.നസിറുദ്ദീൻ വ്യക്തമാക്കി.

സംസ്ഥാനത്തെ വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണെന്നാണ് വ്യാപാരികൾ പറയുന്നത്. മുഖ്യമന്ത്രിയുടെ വാക്ക് കേട്ടാണ് കടകൾ തുറക്കാനുളള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയതെന്നും എന്നാൽ ചർച്ചയിലെ വാക്ക് മുഖ്യമന്ത്രി പാലിച്ചില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.