പ്രത്യേക റെയില്‍വേ സോണ്‍ അനുവദിക്കില്ല; കേരളത്തിന്റെ അപേക്ഷ വീണ്ടും തള്ളി കേന്ദ്രം

കോട്ടയം: പ്രത്യേക റെയില്‍വേ സോണ്‍ അനുവദിക്കണമെന്ന കേരളത്തിന്റെ അപേക്ഷ തള്ളി കേന്ദ്രം. വരുമാനം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ പരിഗണിച്ചാണ് പുതിയ സോണ്‍ അനുവദിക്കുന്നതെന്നും കേരളത്തിന്റെ അപേക്ഷ പരിശോധിച്ചുവെങ്കിലും പ്രായോഗികമല്ലെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

പുതിയ സോണുകള്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും നിലവിലുള്ളവയുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നുമുള്ള വിദഗ്ധ ഉപദേശത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. ലോക്സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിനു മറുപടിയായാണ് കേന്ദ്ര മന്ത്രി വിശദീകരണം നല്‍കിയത്.

അതേസമയം, റെയില്‍വേ വികസന കാര്യത്തില്‍ കേന്ദ്രം കേരളത്തെ അവഗണിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നതെന്നും ആക്ഷേപമുണ്ട്. 2019ല്‍ ആന്ധ്ര പ്രദേശിനു പുതിയ സോണ്‍ അനുവദിച്ചിട്ടും കേരളത്തെ അവഗണിച്ചെന്നും, ദക്ഷിണേന്ത്യയില്‍ യാത്രാക്കൂലി ഇനത്തില്‍ റെയില്‍വേയ്ക്ക് ഏറ്റവും കൂടുതല്‍ വരുമാനം കേരളത്തില്‍ നിന്നാണ്, എന്നിട്ടും വികസന വിഷയത്തില്‍ കേരളത്തിനു കേന്ദ്രസഹായം ലഭിക്കുന്നില്ലെന്നുമാണ് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍.