കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. അധികാരമേറ്റെടുത്ത ശേഷം മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ നേരിൽ കാണുന്ന കീഴ്‌വഴക്കത്തിന്റെ ഭാഗമായിട്ടായിരുന്നു മമത ബാനർജി ഡൽഹിയിലെത്തിയത്.
ലോക് കല്ല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. പെഗാസസ് വിഷയം മമത പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതായാണ് വിവരം. കോവിഡ് പ്രതിരോധത്തിൽ ബംഗാളിനെ കേന്ദ്രസർക്കാർ അവഗണിച്ച വിഷയവും മമത പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പെഗാസെസ് വിവാദത്തിൽ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് നരേന്ദ്ര മോദിയോട് മമത ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്.
പശ്ചിമ ബംഗാളിന് കൂടുതൽ വാക്‌സിൻ ഡോസുകൾ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മമത മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. വാക്‌സിൻ വിതരണം ചെയ്യുന്നത് ജനസംഖ്യ കൂടി പരിഗണിച്ചായിരിക്കണമെന്നും മമത അദ്ദേഹത്തോട് വിശദീകരിച്ചു. ബംഗാളിന് വളരെ കുറച്ച് വാക്‌സിൻ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നാണ് മമത പറയുന്നത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിന് മുൻപ് വാക്‌സിൻ വിഹിതം കൂട്ടണമെന്ന് മമത ആവശ്യപ്പെട്ടു. ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞതായും മമത വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ദിവസം മമതാ ബാനർജി ഡൽഹിയിൽ ഉണ്ടായിരിക്കും. ബുധനാഴ്ച്ച രാവിലെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി മമത ബാനർജി കൂടിക്കാഴ്ച്ച നടത്തും.

