തിരുവനന്തപുരം: കൊടകര കുഴൽപ്പണം ബിജെപി പ്രവർത്തകർ നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി സംസ്ഥാനത്ത് എത്തിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊടകരക്കേസിൽ നാലാം പ്രതി ബിജെപി പ്രവർത്തകനാണെന്നും ധർമ്മരാജനും ബിജെപി അനുഭാവിയാണെന്നും അദ്ദേഹം വ്യക്തമാക്കി. റോജി എം. ജോൺ എം.എൽ.എ സമർപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് 21 പ്രതികൾ അറസ്റ്റിലായി. കെ. സുരേന്ദ്രൻ അടക്കം 206 സാക്ഷികളാണ് കേസിലുള്ളത്. ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷററെ ഏൽപ്പിക്കാനാണ് കുഴൽപ്പണം എത്തിച്ചത്. അന്വേഷണം പുരോഗമിക്കുമ്പോൾ സാക്ഷികൾ ചിലപ്പോ പിന്നീട് പ്രതികളായേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ സുരേന്ദ്രനെ ലക്ഷ്യംവെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കുഴൽപ്പണക്കേസിലെ വിവരങ്ങൾ ഇ.ഡിയ്ക്ക് കൈമാറിയിട്ടുണ്ട്. ഇ.ഡിയ്ക്ക് ഇക്കാര്യം നേരിട്ട് അന്വേഷിക്കാവുന്നതാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. കൊടകര കേസുമായി ബന്ധപ്പെട്ട് പണത്തിന്റെ ഉദ്ഭവം അടക്കമുള്ള കാര്യങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ലെന്നും അതുകൊണ്ട് ഈ കേസ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സംസ്ഥാനം കൈമാറണമെന്നുമാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ റോജി എം ജോൺ ആവശ്യപ്പെട്ടത്.

