മലപ്പുറം: എആര്‍ നഗര്‍ സഹകരണബാങ്കില്‍ നിന്ന് കണ്ടുകെട്ടിയതില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകനും അനധികൃത നിക്ഷേപമുണ്ടെന്ന് റിപ്പോര്‍ട്ട്. മുന്‍പ് ബാങ്കില്‍ നടത്തിയ റെയ്ഡില്‍ ആദായനികുതിവകുപ്പ് കള്ളപ്പണമെന്ന് കണ്ടുകെട്ടിയതില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖിന്റെ പേരിലുള്ള നിക്ഷേപവും ഉണ്ടെന്നുള്ള തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.
അഞ്ച് കോടി രൂപയാണ് ഹാഷിഖിന്റെ പേരില്‍ നിക്ഷേപമായുള്ളത്. തുക കണ്ടുകെട്ടും മുമ്പ് തന്നെ എല്ലാ നിക്ഷേപകര്‍ക്കും രേഖകള്‍ ഹാജരാക്കി പണം തിരികെ കൈപ്പറ്റാന്‍ അവസരം ഒരുക്കിയിരുന്നു, ഹാഷിഖ് മതിയായ രേഖകളൊന്നും ഹാജരാക്കാത്ത സാഹചര്യത്തിലാണ് നിക്ഷേപം കണ്ട് കെട്ടിയതെന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം.
എന്നാല്‍, മകന്റെ പേരിലുണ്ടായിരുന്ന എസ്ബിഐ അക്കൗണ്ടില്‍ നിന്ന് തുക മാറ്റി നിക്ഷേപിച്ചതാണെന്നും, നേര്‍വഴിയിലൂടെയുള്ള മണി ട്രാന്‍സ്ഫറാണ് നടന്നതെന്നും, കള്ളപ്പണമല്ലെന്നുമാണ് പി.കെ കുഞ്ഞാലിക്കുട്ടി ഇത് സംബന്ധിച്ച് നല്‍കിയ വിശദീകരണം.
ഈ വര്‍ഷം മാര്‍ച്ചില്‍ എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 110 കോടി രൂപയുടെ അനധികൃത നിക്ഷേപം ബാങ്കിലുണ്ട് എന്നാണ് കണ്ടെത്തിയത്. ഒട്ടേറെ പ്രമുഖ വ്യക്തികള്‍ക്കും വ്യവസായികള്‍ക്കും ബാങ്കില്‍ രഹസ്യ നിക്ഷേപമുണ്ട് എന്ന വിവരം അന്നു തന്നെ പുറത്തുവന്നിരുന്നു.

