ഐ.എൻ.എൽ. സെക്രട്ടേറിയേറ്റ് യോഗത്തിൽ സംഘർഷം; മന്ത്രിയെ പോലീസെത്തി രക്ഷിച്ചു

കൊച്ചി: ഐ.എൻ.എൽ. സെക്രട്ടേറിയേറ്റ് യോഗത്തിൽ സംഘർഷം. കൊച്ചിയിൽ നടന്ന യോഗത്തിനിടെയാണ് പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായത്. മന്ത്രി അഹമ്മദ് ദേവർകോവിലിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. സംഘർഷത്തെ തുടർന്ന് യോഗം ഉപേക്ഷിച്ചു. ഹോട്ടലിൽ കുടുങ്ങിയ മന്ത്രിയെ പോലീസ് പിന്നീട് എത്തിയാണ് പുറത്തിറക്കിയത്.

കോവിഡ് പ്രോട്ടോക്കോളും വാരാന്ത്യ ലോക്ക് ഡൗണും ലംഘിച്ചായിരുന്നു കൊച്ചിയിൽ ഐഎൻഎല്ലിന്റെ യോഗം ചേർന്നത്. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടത്തിയ യോഗത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. പി.എസ്.സി. അംഗത്വ വിവാദം ഉൾപ്പെടെ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഐഎൻഎൽ ഇന്ന് നേതൃയോഗം ചേർന്നത്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സംസ്ഥാന സമിതി യോഗവുമാണ് ഇന്ന് ചേരാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഏറ്റുമുട്ടൽ ഉണ്ടായതോടെ യോഗം പാതിവഴിയിൽ പിരിച്ചു വിട്ടു.

പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരായ ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധമാണ് സംഘർഷത്തിലേക്ക് വഴി തെളിഞ്ഞത്. സെക്രട്ടേറിയേറ്റ് യോഗം പിരിച്ചുവിട്ട് ഒരു വിഭാഗം നേതാക്കൾ പുറത്തിറങ്ങിയതിന് പിന്നാലെ കാസിമിനെ അനുകൂലിക്കുന്ന ആളുകളും പ്രതികൂലിക്കുന്ന ആളുകളും തെരുവിൽ കയ്യാങ്കളി ഉണ്ടാകുന്ന സാഹചര്യത്തിലെത്തി. തുടർന്ന് പോലീസ് ഇടപെട്ട് പ്രവർത്തകരെ പിരിച്ചു വിടുകയായിരുന്നു. ഏകപക്ഷീയമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്നും പാർട്ടി ഫോറങ്ങളിൽ ആലോചിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നില്ലെന്നുമുള്ള ആരോപണങ്ങളാണ് കാസിം ഇരിക്കൂറിനെതിരെ ഉയർന്നിരിക്കുന്നത്.