കെപിസിസി പുന:സംഘടന; എ.ഐ.സി.സി സെക്രട്ടറിമാർ നാളെ മുതൽ നടത്താനിരുന്ന സംസ്ഥാന പര്യടനം മാറ്റിവെച്ചു.

തിരുവനന്തപുരം: കോൺഗ്രസിൽ വലിയ അഴിച്ചു പണികൾക്ക് കളമൊരുങ്ങുന്നു. ബ്ലോക്ക്, ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെയും കെ.പി.സി.സിയുടെയും പുന:സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേരളത്തിന്റെ ചുമതലയുള്ള മൂന്ന് എ.ഐ.സി.സി സെക്രട്ടറിമാർ നാളെ മുതൽ നടത്താനിരുന്ന സംസ്ഥാന പര്യടനം മാറ്റിവെച്ചു. നാല് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് എ.ഐ.സി.സി തലത്തിൽ ചില പുന:സംഘടനകൾക്ക് സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് യാത്ര മാറ്റുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വിശദീകരിക്കുന്നത്. അതേസമയം സംസ്ഥാന കോൺഗ്രസിനുള്ളിലെ പുന:സംഘടനയുടെ വിഷയത്തിൽ ദേശീയ നേതൃത്വം ഇടപെടുന്നതിൽ സംസ്ഥാന നേതാക്കൾക്കുള്ള വിയോജിപ്പാണ് സന്ദർശനം നീട്ടിവെയ്ക്കാൻ കാരണമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി. മോഹൻ, ഐവാൻ ഡിസൂസ, വിശ്വനാഥ് പെരുമാൾ എന്നിവരാണ് സംസ്ഥാനത്ത് പര്യടനം നടത്താൻ തീരുമാനിച്ചിരുന്നത്. മൂന്ന് മേഖലകളായി തിരിച്ച ശേഷം ഈ മാസം 31 വരെ പര്യടനം നടത്തണമെന്നായിരുന്നു തീരുമാനം. എം.എൽ.എമാർ, എം.പിമാർ, ജില്ലാ ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, പോഷകസംഘടനാ ഭാരവാഹികൾ എന്നിവരുമായെല്ലാം സംവദിക്കാനും പദ്ധതിയിട്ടിരുന്നു. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമടക്കമുള്ള മുതിർന്ന നേതാക്കളോടും സംസാരിച്ച ശേഷം ആഗസ്റ്റ് പതിനഞ്ചിനകം ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകാനും എ.ഐ.സി.സി സെക്രട്ടറിമാർ തീരുമാനിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുന:സംഘടനയിലേക്ക് നീങ്ങുമെന്നാണ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാൽ കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ മുതിർന്ന നേതാക്കളും തീരുമാനത്തിനെതിരെ രംഗത്തെത്തി. ഇക്കാര്യം കണക്കിലെടുത്താണ് സെക്രട്ടറിമാരുടെ യാത്ര മാറ്റിവെയ്ക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.

നിലവിൽ കേരളത്തിന്റെ ചുമതലയിലുള്ള മൂന്ന് സെക്രട്ടറിമാരിൽ ഒരാളെ ഗോവയുടെ ചുമതലയിലേക്ക് മാറ്റാനിടയുണ്ട്. ആഗസ്റ്റ് ആദ്യത്തോടെ അഴിച്ചുപണി പൂർത്തിയായ ശേഷമാകും കേരളത്തിലെ പുന:സംഘടന ചർച്ചകളിലേക്ക് നീങ്ങുക. എ.ഐ.സി.സിയിൽ അഴിച്ചുപണിയുണ്ടാകുമ്പോൾ കേരളത്തിൽ നിന്ന് രമേശ് ചെന്നിത്തലയ്ക്ക് ദേശീയതലത്തിൽ പാർട്ടി ചുമതല ലഭിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.