തിരുവനന്തപുരം: എൽജെഡിയിൽ നേതാക്കൾക്കൾക്കിടയിൽ അഭിപ്രായ ഭിന്നത ശക്തമാകുന്നു. എൽജെഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാറിനെ മാറ്റണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കൾ ഇക്കാര്യം ഉന്നയിച്ച് പാർട്ടി അദ്ധ്യക്ഷൻ ശരദ് യാദവിനെ കണ്ടു. വൈകിട്ട് ശ്രേയാംസ് കുമാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രശ്‌ന പരിഹാരം ഉണ്ടാക്കുമെന്നാണ് ശരദ് യാദവ് അറിയിച്ചിരിക്കുന്നത്.
സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി.ഹാരിസ്, കെ.പി.മോഹനൻ എംഎൽഎ, മുൻ എംഎൽഎ സുരേന്ദ്രൻ പിള്ള എന്നിവരാണ് വർഗീസ് ജോർജിനൊപ്പം ശരദ് യാദവിനെ കണ്ടത്. എൽജെഡിയിൽ എം.വി.ശ്രേയാംസ് കുമാറിന്റെ ഏകാധിപത്യമാണെന്നാണ് നേതാക്കളുടെ പരാതി. പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും നേതാക്കളുടെ ആരോപിക്കുന്നു. തെരഞ്ഞെടുപ്പിൽ നേതൃത്വത്തിനു വീഴ്ച സംഭവിച്ചുവെന്നും തോൽവിയുടെ കാരണം പരിശോധിക്കാൻ തയ്യാറായില്ലെന്നും നേതാക്കൾ ശരദ് യാദവിനോട് വെളിപ്പെടുത്തി. പാർട്ടിക്ക് അർഹതയുള്ള മന്ത്രി സ്ഥാനം നേടിയെടുക്കുന്നതിലും വീഴ്ചയുണ്ടായെന്നും നേതാക്കൾ ആരോപിക്കുന്നു.

