ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾക്കു വസ്തു നികുതി ഇളവ് നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം; മന്ത്രി എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾക്കു വസ്തു നികുതി ഇളവ് നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുൻസിപ്പൽ ആക്ടിലുമുള്ള വേക്കൻസി റെമിഷൻ വ്യവസ്ഥ പ്രകാരം അടഞ്ഞുകിടന്ന കാലത്തെ നികുതി ഒഴിവാക്കാനുള്ള തീരുമാനം അതാതു തദ്ദേശ സ്ഥാപനങ്ങൾക്ക് സ്വീകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിനോദ സഞ്ചാര മേഖല ഉൾപ്പെടെയുള്ള വിവിധ രംഗങ്ങളിൽ ഈ വ്യവസ്ഥകൾ പ്രകാരം തീരുമാനം സ്വീകരിച്ച് സംരംഭകരെ സഹായിക്കുന്നതിനു തയാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നിയമത്തിൽ വ്യവസ്ഥ ചെയ്ത കാര്യങ്ങൾ നടപ്പിലാക്കാൻ സർക്കാരിൽ നിന്നോ ഏതെങ്കിലും വകുപ്പിൽ നിന്നോ പ്രത്യേക നിർദേശം ആവശ്യമില്ലെന്ന് മനസിലാക്കി സമയബന്ധിതമായി നടപടി കൈക്കൊള്ളാൻ മുന്നോട്ടുവരണമെന്നും തങ്ങൾക്കു ലഭിച്ച അധികാരങ്ങളെക്കുറിച്ച് മനസിലാക്കി അവ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.