ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച്ച നടത്തി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തെ അറിയിച്ചുവെന്ന് കെ എൻ ബാലഗോപാൽ വ്യക്തമാക്കി. കിട്ടാനുള്ള 4500 കോടി ജിഎസ്ടി വിഹിതത്തിൽ ഉടൻ തീരുമാനം എടുക്കാമെന്ന് നിർമ്മലാ സീതാരമൻ ഉറപ്പു നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നത് നീട്ടണമെന്ന് ബാലഗോപാൽ നിർമ്മലാ സീതാരാമനോട് ആവശ്യപ്പെട്ടു. കാലാവധി അഞ്ച് വർഷം കൂടി നീട്ടണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണയോടെ വിഷയം ജി എസ്ടി കൗൺസിലിൽ ഉയർത്താൻ കേരളം തീരുമാനിച്ചതായും കെ എൻ ബാലഗോപാൽ അറിയിച്ചു.
കിറ്റക്‌സ് വിവാദത്തെ കുറിച്ചു ബാലഗോപാൽ പ്രതികരിച്ചു. കിറ്റെക്‌സിനെതിരായ നിലപാട് സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും വിവാദം ഉണ്ടായപ്പോൾ കിറ്റക്‌സിന്റെ ഓഹരി ഉയരുന്നതാണ് കണ്ടതെന്നും മന്ത്രി വിശദമാക്കി. 5% കടമെടുക്കാൻ സംസ്ഥാനം കേന്ദ്രത്തോട് അനുമതി തേടിയിട്ടുണ്ട്. പരമ്പരാഗത വ്യവസായ മേഖലയിൽ പ്രത്യേക പാക്കേജ് എന്ന ആവശ്യവും കേരളം ഉന്നയിച്ചു. പ്ലാന്റേഷൻ മേഖലയിൽ പ്രത്യേക പരിഗണനയും ആവശ്യപ്പെട്ടു.

